കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്തും കള്ളക്കടത്തും ഇല്ലാതാക്കുന്നതിനും കുവൈത്ത് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി കുവൈത്ത്. ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് തൊഴിലാളികൾക്ക് പൂർണ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വക്താവ് അസീൽ അൽ മസ്യാദ് വ്യക്തമാക്കി. ജൂലൈ 30ന് ചേരുന്ന വ്യക്തികളെ കടത്തുന്നതിനെതിരായ ലോക ദിനത്തിന്റെ മുന്നോടിയായാണ് പ്രതികരണം.പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് ട്രേഡ് യൂനിയൻ ഫെഡറേഷൻ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വ്യക്തികളെ കടത്തുന്നത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി എന്നിവയുടെ സഹകരണത്തോടെ ജൂലൈ 30ന് അവന്യൂസ് മാളിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അൽ മസ്യാദ് അറിയിച്ചു.