മസ്കത്ത്: രാജ്യത്തെ മത്സ്യ ഫാക്ടറികളുടെ എണ്ണം 2023 അവസാനത്തോടെ 114 ആയി ഉയർന്നു. ഈ മേഖലയുടെ വരുമാന ഉൽപാദനത്തെ ശക്തിപ്പെടുത്തുന്നതാണിത്. മൂല്യവർധിത മത്സ്യ ഉൽപന്നങ്ങൾ നൽകുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും അധികാരികൾ പ്രതിജ്ഞാബദ്ധരാണെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. മത്സ്യമേഖലയിലെ നവീകരണത്തിലും വളർച്ചയിലും ഊന്നൽ നൽകുന്ന ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ ശ്രമങ്ങൾ.
ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിലും മറ്റും ഒമാനിലെ മത്സ്യബന്ധന വ്യവസായം ഗണ്യമായ പങ്കാണ് വഹിക്കുന്നത്. ഇതുവരെയായി 81 മത്സ്യ ഫാക്ടറികൾക്ക് ഗുണനിലവാര നിയന്ത്രണവും കയറ്റുമതി സർട്ടിഫിക്കറ്റും ലഭിച്ചു. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് ലഭിച്ചത്.
ഈ സർട്ടിഫിക്കേഷൻ ഒമാനി മത്സ്യ ഉൽപന്നങ്ങളുടെ പ്രശസ്തി വർധിപ്പിക്കുകയും ആഗോള കയറ്റുമതി വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സംസ്കരണം, പാക്കേജിങ്, ഫ്രോസൺ ഫിഷ്, കാനിങ്, സമുദ്രോൽപന്നങ്ങൾ ഉൽപാദിപ്പിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾ ഒമാനിലെ മത്സ്യബന്ധനത്തിന്റെ വിപുലീകരണ മേഖലകളിൽ ഉൾപ്പെടുന്നുണ്ട്.