മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിറൂർ ദേശീയ പാതയിൽ മലയിടിഞ്ഞും പശ്ചിമഘട്ട ചുരം പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയിലും മോട്ടോർ വാഹന ഗതാഗതം തടസ്സപ്പെട്ട മറവിൽ വിമാന യാത്ര നിരക്കിൽ റോക്കറ്റ് വർധനയെന്ന് ആക്ഷേപം. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലുള്ളവർ ബംഗളൂരു, മുംബൈ യാത്രകൾക്ക് ട്രെയിൻ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിൽ വിമാന സർവിസാണ് ആശ്രയിക്കുന്നത്.
മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് 3,000 രൂപയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് മൂന്നിരട്ടിയായി 9,000 രൂപയാക്കി. മംഗളൂരു -മുംബൈ നിരക്ക് 12,000 രൂപ കടന്നു. വിമാന സർവിസുകൾ വെട്ടിക്കുറച്ചാണ് നിരക്കിലെ കൊള്ളയെന്ന് ആക്ഷേപം ഉയരുന്നു. മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ആറ് വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. ഈ മാസം ഒന്നു മുതൽ എയർ ഇന്ത്യ രണ്ട് വിമാനങ്ങൾ റദ്ദാക്കി.
ശേഷിക്കുന്ന നാലെണ്ണത്തിലെ സീറ്റുകൾ വളരെ വേഗം ബുക്ക് ചെയ്യപ്പെടുന്നു. മുംബൈയിലേക്കുള്ള അഞ്ച് വിമാനങ്ങളും ഫുള്ളാണ്. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് ഈ മാസം 31 വരെ വിമാനങ്ങളിൽ സീറ്റ് ഒഴിവില്ല.