ന്യൂയോർക്ക്: തന്റെ മകൻ നഷ്ടമായതിനു കാരണം ‘വോക്ക് മൈൻഡ് വൈറസാ’ണെന്ന് ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സി.ഇ.ഒ ഇലോൺ മസ്ക്. ലിബറൽ പ്രത്യയശാസ്ത്രങ്ങൾ, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം, വിമർശനാത്മക സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഉണർന്ന മനസ്സ് വൈറസ് അഥവാ വോക്ക് മൈൻഡ് വൈറസ്. തനിക്കുണ്ടായ വ്യക്തി നഷ്ടങ്ങൾ വിലമതിക്കാനാകാത്തതാണ്.
തന്റെ ട്രാൻസ്ജെൻഡറായ മകൻ സേവ്യറിനുണ്ടായ അനുഭവത്തിൽ അഗാധമായ ദു:ഖവും രോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഡോക്ടർ ജോർദാൻ പീറ്റേഴ്സണുമായുള്ള അഭിമുഖത്തിലാണ് ഇലോൺ മസ്ക് മനസ്സു തുറന്നത്.
സേവ്യര്‍ അലക്സാണ്ടര്‍ മസ്ക് എന്ന പേരിലറിയപ്പെട്ടിരുന്ന മസ്കിന്റെ മകൻ 2021 ജൂണിൽ താനൊരു സ്ത്രീയാണെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ ട്രാൻസ്ജെൻഡറാണെന്നും തന്റെ പേര് പിതാവിന്റെ പേരിൽനിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് മകൻ കോടതിയെ സമീപിക്കുകയും ചെയ്തു.
വിവിയാന് ജെന്ന വില്‍സണ്‍ എന്ന പുതിയ പേര് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വോക്ക് മൈൻഡ് വൈറസ് എന്ന പദമാണ് തന്റെ കുട്ടിയുടെ പരിവർത്തനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെ ജയിലിൽ അടക്കണമെന്നും മസ്ക് ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് ആശയങ്ങളാണ് അവനെ സ്വാധീനിച്ചത്. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലാകാലങ്ങളിൽ ഇത്തരം ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചതായും അദ്ദേഹം പറഞ്ഞു. ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് ഇവർ പരിശീലനം നടപ്പാക്കുന്നതെന്നും ഇലോൺ മസ്ക് പറഞ്ഞു.