ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മകനെയോർത്ത് അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ ബ്രിജേഷ് താപ്പയുടെ അമ്മ നിലിമ താപ്പ. ദോഡയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബ്രിജേഷ് താപ്പ വീരമൃത്യു വരിച്ചത്. അവൻ ഇനിയൊരിക്കലും വീട്ടിലേക്ക് മടങ്ങി വരില്ലെന്ന് തനിക്ക് അറിയാമെന്നും നിലിമ താപ്പ പറഞ്ഞു.
ഒന്നിനെ കുറിച്ചും പരാതി പറയാത്ത ആളായിരുന്നു ബ്രിജേഷ്. അവർ സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങൾ പറഞ്ഞതാണ്. സ്വന്തം പിതാവിന്റെ ജീവിതം കണ്ടിട്ടും സൈന്യത്തിൽ ചേരുകയെന്ന ആഗ്രഹത്തിൽ നിന്നും അവൻ പിന്മാറിയില്ലെന്ന് നിലിമ പറഞ്ഞു.
താൻ ഇന്ന് അഭിമാനമുള്ളൊരു അമ്മയാണ്. മകന് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചല്ലോ. സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ഇന്ത്യ തക്കതായ മറുപടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മകനെയോർത്ത് അഭിമാനമുണ്ടെന്ന് പിതാവ് കേണൽ ഭുവനേഷ് താപ്പയും പറഞ്ഞു.
മകൻ ഇനിയില്ലെന്ന് അവർ അറിയിച്ചപ്പോൾ ആദ്യം തനിക്ക് വിശ്വസിക്കാനായില്ല. തന്റെ ആർമി വസ്ത്രവും ധരിച്ചു നടക്കുന്ന മകനാണ് ഇപ്പോഴും മനസിൽ. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും സൈന്യത്തിൽ ചേരണമെന്ന് തന്നെയായിരുന്നു അവന്റെ ആഗ്രഹം. ആദ്യത്തെ അവസരത്തിൽ തന്നെ അവൻ സൈന്യത്തിലെത്തി. ഇനി അവനെ കാണാൻ സാധിക്കില്ലലോയെന്ന് ഓർക്കുമ്പോൾ കടുത്ത ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. താപ്പക്ക് പുറമേ നായിക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നീ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.