ന്യൂഡൽഹി: ബി.ആർ.എസ് എം.എൽ.സി കെ.കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു. ഉടനെ തന്നെ കവിതയെ ഡൽഹിയിലെ ദീൻ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. ഡൽഹി മദ്യനയ അഴിമതി കേസിൽ റിമാൻഡി തുടരവെയാണ് സംഭവം.
ഡൽഹി മദ്യനയ അഴിമതി കേസിൽ മാർച്ച് 15നാണ് കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ബഞ്ജറ ഹിൽസിലെ അവരുടെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്. സി.ബി.ഐയും ഏപ്രിൽ 11ന് അവരെ അറസ്റ്റ് ചെയ്തിരുന്നു.
2014 മുതൽ 2019 വരെ നിസാമബാദിൽ നിന്നുള്ള ലോക്സഭ അംഗമായ കവിത നിലവിൽ എം.എൽ.സിയാണ്. ആം ആദ്മി പാർട്ടിയിലെ ഉയർന്ന നേതാക്കളുമായി ചേർന്ന് മദ്യനയത്തിൽ കവിത ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും 100 കോടി കൈക്കൂലി നൽകിയെന്നുമാണ് കേസ്.
ഇതിന് പകരമായി ദക്ഷിണേന്ത്യൻ ലോബിക്ക് അനുകൂലമായി മദ്യനയത്തിൽ മാറ്റം വരുത്താൻ കെജ്രിവാൾ തയാറായെന്നാണ് ഇ.ഡിയുടെ ആരോപണം. നേരത്തെ കെജ്രിവാളിന് ഇ.ഡി കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇപ്പോഴും ജയിലിൽ തുടരുകയാണ്. മനീഷ് സിസോദിയക്കും മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചിട്ടില്ല.