പട്ന: ഇൻഡ്യ സഖ്യത്തിലെ കക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) പ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അംഗഭംഗം വരുത്തി വികൃതമാക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മുംബൈയിലായിരുന്ന മുകേഷ് സാഹ്നി പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ് ദർഭംഗയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ദർഭംഗ പൊലീസ് സൂപ്രണ്ട് ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ജിതൻ സഹാനിയുടെ കൊലപാതക കേസിൽ അടിയന്തര നടപടി എടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വിഡിയോ സന്ദേശത്തിൽ ഉറപ്പ് നൽകി.
കൊലപാതക വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചി എക്സ് പോസ്റ്റിൽ പറഞ്ഞു. ‘കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് വേഗത്തിൽ വിചാരണ നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. ഞാനും എന്റെ പാർട്ടിയും മുകേഷ് സാഹ്നിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു’ -ജിതൻ റാം മാഞ്ചി പറഞ്ഞു.