ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്ക് ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ ആറു വിദേശികളെ സയനൈഡ് ഉള്ളിൽചെന്നു മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മരിച്ചവരിൽ ഒരാളാണ് കൊലയാളിയെന്ന് സംശയിക്കുന്നു. മരിച്ച ആറു പേരും വിയറ്റ്നാമീസ് വംശജരാണ്. ഇവരിൽ പലർക്കും യു.എസ്. പാസ്പോർട്ടുള്ളതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തിരയുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവർ മുറിയെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ തിതി സാങ്സവാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വൈകി ഹോട്ടൽ സന്ദർശിച്ച തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ വിഷയത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ടൂറിസത്തെ ബാധിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ ഏജൻസികളോടും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.