മനാമ: ഹമദ് രാജാവിന്റെ മലേഷ്യൻ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. മലേഷ്യൻ രാജാവ് സുൽതാൻ ഇബ്രാഹിം ബിൻ സുൽതാൻ ഇസ്കന്തറിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹമദ് രാജാവ് മലേഷ്യയിലെത്തിയത്. മലേഷ്യയുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും സന്ദർശനം കാരണമാകുമെന്ന് വിലയിരുത്തി. അധികാരമേൽക്കുന്ന സുൽതാൻ ഇബ്രാഹിം ബിൻ സുൽതാൻ ഇസ്കന്തറിന് പ്രത്യേകം അഭിവാദ്യങ്ങൾ കാബിനറ്റ് നേരുകയും ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ബഹ്റൈൻ മാധ്യമ മേഖല പുരോഗതിയുടെയും വളർച്ചയുടെയും പാതയിലാണെന്ന് കാബിനറ്റ് വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന എട്ടാമത് മാധ്യമ അവാർഡ്ദാന ചടങ്ങ് വിജയകരമായതായി വിലയിരുത്തി. രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വഹിക്കുന്ന പങ്ക് വലുതാണ്.
ആഭ്യന്തര മന്ത്രാലയമടക്കമുള്ള വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും ജഅ്ഫരീ ഔഖാഫും ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിന് നൽകിയ സഹായ സഹകരണങ്ങളെ കാബിനറ്റ് പ്രത്യേകം എടുത്തു പറഞ്ഞു. വിവിധ മഅ്തമുകൾ, ഹുസൈനിയ്യ കമ്മിറ്റികൾ, പണ്ഡിതന്മാർ, വളന്റിയർമാർ തുടങ്ങിയവരുടെ സഹകരണവും എടുത്തു പറയേണ്ടതാണ്.
രാജ്യത്തെ മത സഹിഷ്ണുതയും മഹിതമായ പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആശൂറ പരിപാടികളെന്നും കാബിനറ്റ് വിലയിരുത്തി. രാജ്യത്തെ നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും പാലിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മനുഷ്യക്കടത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന് അംഗീകാരം ലഭിച്ചത് നേട്ടമാണെന്ന് വിലയിരുത്തി.
ഇക്കാര്യത്തിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. മുഹറഖ് ഒന്നാം മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ വിലയിരുത്തി. സെപ്റ്റംബർ ഏഴ് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.
നിർമാണം നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളിൽ ഭാഗഭാക്കായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധയുണ്ടാകണമെന്ന് കാബിനറ്റ് നിർദേശിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.