ന്യൂഡൽഹി: ഇരുപക്ഷവും വർധിതവീര്യത്തിലായ ലോക്സഭയിൽ മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റിന്മേലുള്ള ചർച്ച ലോക്സഭയിൽ അടിയുടെ വക്കോളമെത്തി. കോൺഗ്രസിൽ നിന്ന് കൂറുമാറി ബി.ജെ.പിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായ രവ്നീത് സിങ് ബിട്ടു ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ച പഞ്ചാബ് പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ് രാജ വാറിങ്ങിനെ കായികമായി ഏറ്റുമുട്ടാൻ വെല്ലുവിളിച്ച് ലോക്സഭയുടെ നടുത്തളത്തിലേക്ക് കുതിച്ചതാണ് അടിയുടെ വക്കിലെത്തിച്ചത്.
അടിക്കും റെഡിയെന്നുപറഞ്ഞ് പഞ്ചാബ് പി.സി.സി പ്രസിഡന്റ് കോൺഗ്രസിലെ 20-ാളം സഹ എം.പിമാരുമായി ബിട്ടുവിനെ നേരിടാൻ നടുത്തളത്തിലൂടെ മന്ത്രിമാർ ഇരിക്കുന്ന ബെഞ്ചിലേക്ക് നീങ്ങിയെങ്കിലും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബിട്ടുവിനെ പിടിച്ചുമാറ്റിയതോടെ അടിയൊഴിവാകുകയായിരുന്നു.
തുടർന്ന്, സഭ അര മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. മോദി സർക്കാറിനെ കടന്നാക്രമിക്കുന്നത് സഹിക്കാനാകാതെ നിരന്തരം കമന്റടിച്ചുകൊണ്ടിരുന്ന ബിട്ടുവിനെ നിശ്ശബ്ദനാക്കാൻ ഛന്നി നടത്തിയ പരാമർശം അദ്ദേഹത്തെ പ്രകോപിതനാക്കി. ബിട്ടുവിന്റെ രക്തസാക്ഷിയായ പിതാമഹൻ, ബിട്ടു കോൺഗ്രസ് വിട്ടപ്പോഴാണ് യഥാർഥത്തിൽ മരിച്ചതെന്ന് ഛന്നി പറഞ്ഞതോടെ അതിന് മറുപടി പറയാൻ അനുവദിക്കണമെന്ന് ബിട്ടു ചെയറിനോട് ആവശ്യപ്പെട്ടു. ചെയറിലുണ്ടായിരുന്ന ബി.ജെ.പി എം.പി സന്ധ്യറായ് ആവശ്യം അംഗീകരിച്ചു. തന്റെ പിതാമഹൻ ബിയാന്ത് സിങ് കോൺഗ്രസിനുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് രക്തസാക്ഷിയായതെന്നുപറഞ്ഞ് തുടങ്ങിയ ബിട്ടു ഛന്നിക്കും സോണിയ ഗാന്ധിക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞു.
ഛന്നിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ അനുവദിച്ച സ്പീക്കറുടെ നടപടി രാഹുൽ ഗാന്ധിയും ഗൗരവ് ഗോഗോയിയും മറ്റും ചോദ്യം ചെയ്യുന്നതിനിടയിൽ അമരീന്ദർ സിങ് രാജ വാറിങ് രാഹുൽ ഗാന്ധി ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് ചെന്ന് ബിട്ടുവിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു. ലുധിയാനയിൽ തോറ്റ ബിട്ടു മിണ്ടരുതെന്ന് രാജ വാറിങ് പറഞ്ഞതോടെ ക്രുദ്ധനായ മന്ത്രി ബിട്ടു ‘നേരിട്ട് മുട്ടാനുണ്ടെങ്കിൽ വാ’ എന്ന് വിളിച്ചുപറഞ്ഞ് പ്രതിപക്ഷ ബെഞ്ചിന് നേരെ കുതിച്ചു. തയാറാണെന്ന് പറഞ്ഞ് ബിട്ടുവിനെ നേരിടാൻ രാജ വാറിങ്, ഗുർജീത് സിങ് ഔസാല, വർഷ ഏക്നാഥ് ഗെയ്ക്വാദ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, മണിക്കം ടാഗോർ, തുടങ്ങി 20-ാളം കോൺഗ്രസ് എം.പിമാരും നടുത്തളത്തിലൂടെ ബി.ജെ.പി ബെഞ്ചുകൾക്ക് അടുത്തെത്തി. ബിട്ടു ശരിക്കും തല്ലാനിറങ്ങുകയാണെന്നുകണ്ട പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മറ്റു കേന്ദ്ര മന്ത്രിമാരും ചേർന്ന് മന്ത്രിസഭയിലെ സഹപ്രവർത്തകനെ പിടിച്ചുവെക്കുകയായിരുന്നു.
ഇനി നടുത്തളത്തിലിറങ്ങേണ്ട -സ്പീക്കർ
ഭരണപക്ഷവും പ്രതിപക്ഷവും നടുത്തളത്തിലേക്കുള്ള അതിര് ഇന്നു മുതൽ കടക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗരിമ ഇടിക്കരുതെന്ന് സ്പീക്കർ ഇരുപക്ഷത്തോടുമായി പറഞ്ഞു. പ്രസംഗം തുടർന്ന ഛന്നി കർഷകരോട് കേന്ദ്രസർക്കാർ നടത്തിയ വഞ്ചനകളിലേക്ക് കടന്നതോടെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും കിരൺ റിജിജുവും വീണ്ടും ഇടപെട്ട് തടസ്സപ്പെടുത്തി. ഇന്നും തുടരുന്ന ചർച്ചക്ക് ധനമന്ത്രി നിർമല സീതാരാമൻ മറുപടി പറയും.