ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ രാജ്യസഭയിൽ കേന്ദ്രത്തെ കടന്നാക്രമിച്ചും പരിഹസിച്ചും രണ്ടാം ദിവസവും പ്രതിപക്ഷം. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയാണ് വ്യാഴാഴ്ച ബജറ്റ് ചർച്ചക്ക് തുടക്കമിട്ടത്. സഖ്യസർക്കാറിനെ രക്ഷിക്കാനും തോൽവിക്ക് പ്രതികാരം ചെയ്യാനും വേണ്ടിയുള്ളത് മാത്രമാണ് ഇത്തവണത്തെ ബജറ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകർ, പാവപ്പെട്ടവർ, യുവാക്കളെന്ന് തുടങ്ങി ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചപ്പോൾ രാജ്യം മുഴുവൻ പ്രതീക്ഷകളാൽ നിറഞ്ഞു. എന്നാൽ, കസേര സംരക്ഷിക്കുക, തോൽവിക്ക് പ്രതികാരം ചെയ്യുക എന്നിവ മാത്രമാണെന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എല്ലാവർക്കും മനസ്സിലായെന്നും സുർജേവാല പറഞ്ഞു. ബ്രിട്ടനിലെ നികുതിയാണ് ജനങ്ങൾ നൽകുന്നതെന്നും എന്നാൽ, സോമാലിയയിൽ ലഭിക്കുന്ന സേവനമാണ് ലഭിക്കുന്നതെന്നും ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ പരിഹസിച്ചു.
ബജറ്റിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാണ് വേണ്ടതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. 15-ാം ധനകാര്യ കമീഷൻ കേന്ദ്ര ഫണ്ടിൽ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 32 ശതമാനമാണ് നൽകുന്നത്. തൊഴിലില്ലാഴ്മ പരിഹരിക്കാനുള്ള ഒന്നും ബജറ്റിലില്ല -സിബൽ പറഞ്ഞു.
എല്ലാ മേഖലകളിലും ബജറ്റ് വിഹിതം വെട്ടിക്കുറച്ചതായി ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. ജയിലിൽ അടുത്തത് നിങ്ങളുടെ ഊഴമാണ്. അതിനാൽ ജയിൽ ബജറ്റ് വർധിപ്പിക്കുന്നത് നിങ്ങൾക്ക് ഉപകാരപ്പെടും. ദലിത്, മുസ്ലിം, ആദിവാസി, പിന്നാക്ക വിഭാഗങ്ങളോട് കാണിച്ചിരുന്ന വിവേചനം ഇപ്പോൾ സംസ്ഥാനങ്ങളോടും കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആന്ധ്രക്ക് ബജറ്റിൽ വാരിക്കോരി നൽകി എന്ന് പറയുന്നത് ഇൻഡ്യ മുന്നണി അവസാനിപ്പിക്കണമെന്നും ഇത് കേന്ദ്ര സർക്കാറിനെ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും വൈ.എസ്.ആർ.സി.പി അംഗം വിജയസായി റെഡ്ഡി പറഞ്ഞു. 15,000 കോടി രൂപയുടെ വായ്പയാണ് ആന്ധ്രക്ക് അനുവദിച്ചത്. എന്നാൽ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രവും സംസ്ഥാനത്തിന് വലിയ ഗ്രാന്റുകളും വിഭവങ്ങളും ലഭിച്ചിട്ടുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്നും ഇതിന് സഹായിക്കുന്നതാണ് ഇൻഡ്യ നേതാക്കളുടെ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.