ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്നാടിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച്, ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു കൂട്ടിയ നിതി ആയോഗ് യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചു. തമിഴ്നാടിനെ പാടേ അവഗണിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
തമിഴ്നാടിനോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡി.എം.കെ എം.പിമാർ ഡൽഹിയിൽ ധർണാസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മതവാദ രാഷ്ട്രീയത്തെ എതിർക്കുന്നുവെന്ന ഒറ്റക്കാരണത്താൽ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ തഴയുന്നത് അംഗീകരിക്കാനാവില്ല.
തമിഴ്നാട്ടിലെ ജനങ്ങളെ കബളിപ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ തത്ത്വത്തിന് എതിരാണ്. ബജറ്റിൽ തമിഴ്നാടിന്റെ പേരുപോലും ഇടംപിടിച്ചില്ല. കേന്ദ്ര ബജറ്റിൽ തമിഴ്നാടിന് പ്രത്യേക പദ്ധതികളില്ല. റെയിൽവേ പദ്ധതികളും പ്രഖ്യാപിച്ചില്ല. തമിഴ്നാട് എന്നൊരു സംസ്ഥാനമുണ്ടെന്ന ചിന്തപോലും ബി.ജെ.പി സർക്കാറിനില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.