ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ ഇൻഡ്യ സഖ്യം പാർലമെന്റിൽ പ്രതിഷേധിച്ചു. ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ വോക്കൗട്ട് നടത്തി.
പാർലമെന്റ് അങ്കണത്തിൽ പ്രതിഷേധ ധർണയും നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് പാർലമെന്റ് വളപ്പിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി, കോൺഗ്രസ് മുഖ്യമന്ത്രിമാരും ജൂലൈ 27ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗവും ബഹിഷ്കരിക്കും. “ഈ സർക്കാരിൻ്റെ നിലപാട് ഭരണഘടനാ തത്വങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. യഥാർത്ഥവും വിവേചനപരവുമായ നിറം മറയ്ക്കാൻ മാത്രം രൂപകൽപ്പന ചെയ്ത ഒരു പരിപാടിയിൽ ഞങ്ങൾ പങ്കെടുക്കില്ല. ഈ ഭരണത്തിൻ്റേതാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
നേരത്തെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്.
കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) എം.പിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡി.എം.കെ എം.പിമാരായ ടി.ആർ. ബാലു, തിരുച്ചി ശിവ, ഝാർഖണ്ഡ് മുക്തി മോർച്ച എം.പി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എം.പി കല്യാണ് ബാനർജി, ആം ആദ്മി പാർട്ടി എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.