ചെന്നൈ: കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിച്ച് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തോൽപിച്ചവർക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം.
ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം രാഷ്ട്രീയ എതിരാളികളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റപ്പെടുമെന്നും സ്റ്റാലിൻ സാമൂഹിക മാധ്യമ പേജിലൂടെ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് അടുത്ത ദിവസം അവതരിപ്പിച്ച ബജറ്റിൽ ഇതിന് കടകവിരുദ്ധമായ സമീപനമാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സ്റ്റാലിൻ പറഞ്ഞു.