ജിദ്ദ: ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് 57 വർഷമായി ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന കടന്നുകയറ്റം നിയമവിരുദ്ധമാണെന്ന കോടതിയുടെ അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്തത്. അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുന്നതിന് പ്രായോഗികവും വിശ്വസനീയവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതക്ക് സൗദി അറേബ്യ ഊന്നൽ നൽകുന്നുവെന്നും മന്ത്രിസഭ വ്യക്തമാക്കി.
പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും യമനിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെയും മന്ത്രിസഭ വിലയിരുത്തി.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും സ്വാധീനമുള്ളതുമായ കക്ഷികളോടും അവരുടെ ഉത്തരവാദിത്തങ്ങളും റോളുകളും നിർവഹിക്കാനും യോഗം ആവശ്യപ്പെട്ടു.
സൗദിയിൽ പുതുതായി നിർമിച്ച അഴിമതി വിരുദ്ധ കമീഷൻ വ്യവസ്ഥക്ക് മന്ത്രിസഭ അംഗീകാരം നൽകി.