കുവൈത്ത് സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്കുള്ള അടിയന്തര ദുരിതാശ്വാസ പദ്ധതിക്ക് തുടക്കമിട്ട് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന്റെ സമീപമായ അൽ മവാസിയിൽ ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് തിങ്കളാഴ്ച കെ.ആർ.സി.എസ് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന അഭയാർഥി ക്യാമ്പുകൾക്ക് പദ്ധതിയിൽ കൂടുതൽ പിന്തുണയും സഹായവും നൽകുന്നുണ്ട്. ഇവർക്ക് പാചകത്തിന് ഗ്യാസ് ഇല്ലാത്തതിനാൽ ഭക്ഷണവും റൊട്ടിയും നൽകുന്നുണ്ട്. മരുന്നുകളും മെഡിക്കൽ, ശുചിത്വ വസ്തുക്കളും വിതരണം ചെയ്യുന്നു. ഇസ്രായേൽ അടുത്തിടെ ക്യാമ്പുകളിൽ ആക്രമണം പതിവാക്കിയതിനാൽ ജനങ്ങൾ വലിയ ദുരിതത്തിലാണ്. ഗസ്സക്കെതിരെ ഇസ്രായേൽ യുദ്ധം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സഹായമെന്ന് പദ്ധതിയുടെ എക്സിക്യൂട്ടിങ് ബോഡിയായ വഫാ കപ്പാസിറ്റി ബിൽഡിങ് ആൻഡ് മൈക്രോഫിനാൻസ് ജനറൽ ഡയറക്ടർ മുഹൈസൻ അൽ അതാവ്ന പറഞ്ഞു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഫലസ്തീനികളെ സഹായിക്കുന്നതിനായി ഇതിനകം നിരവധി ദുരിതാശ്വാസ, ചികിത്സാ സഹായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.