തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിലെ മത്സരിച്ചുള്ള മാർക്കിടലിൽ എൻജിനീയറിങ് എൻട്രൻസിൽ തിരിച്ചടിയേറ്റ് സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾ. എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാൻ പ്രവേശന പരീക്ഷാ സ്കോറിനൊപ്പം ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാർക്ക് കൂടി കൂട്ടിച്ചേർക്കുന്ന സ്റ്റാൻഡേഡൈസേഷൻ (ഏകീകരണം) പ്രക്രിയയിലാണ് സംസ്ഥാന സിലബസിലുള്ള കുട്ടികൾ പിറകോട്ടുപോയത്.
വ്യത്യസ്ത പരീക്ഷാ ബോർഡുകളിൽനിന്നുള്ള ഹയർസെക്കൻഡറി മാർക്ക് പരിഗണിക്കുമ്പോഴുണ്ടാകുന്ന അന്തരം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് മാർക്ക് ഏകീകരിക്കുന്ന സ്റ്റാൻഡേഡൈസേഷൻ രീതി നടപ്പാക്കിയത്. ഇതുപ്രകാരം ഗ്ലോബൽ മീൻ, സ്റ്റാൻഡേഡ് ഡീവിയേഷൻ എന്നീ മാനകങ്ങൾ പരിഗണിച്ചാണ് ഏകീകരണം സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടപ്പാക്കുന്നത്. കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി പരീക്ഷയിൽ കൂട്ടത്തോടെ ഉയർന്ന മാർക്ക് വന്നതോടെ ഇവരുടെ ഗ്ലോബൽ മീൻ ഉയർന്നുനിൽക്കുന്നതാണ് പ്രവണത. ഇത്തവണ ഫിസിക്സിൽ ഇത് 75.8690 ഉം കെമിസ്ട്രിയിൽ 76.1940 ഉം മാത്സിൽ 74.8827ഉം ആയിരുന്നു. എന്നാൽ, സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഫിസിക്സിൽ 66.0100 ഉം കെമിസ്ട്രിയിൽ 68.3300 ഉം മാത്സിൽ 61.0500 ഉം ആണ്. മറ്റ് പരീക്ഷാ ബോർഡുകളിലും ഗ്ലോബൽ മീൻ കേരള സിലബസിനെ അപേക്ഷിച്ചു കുറവായിരുന്നു.
കേരള സിലബസിൽ മൂല്യനിർണയത്തിലെ ഉദാരത കാരണം കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേട്ടം ഉൾപ്പെടെ ഉയർന്ന മാർക്കിൽ എത്തിയതാണ് ശരാശരി മാർക്ക് ഉയർന്നുനിൽക്കാൻ കാരണമെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. മുഴുവൻ പരീക്ഷാ ബോർഡുകളുടെയും ഗ്ലോബൽ മീൻ പരിഗണിച്ച് സ്റ്റാൻഡേഡൈസേഷൻ നടപ്പാക്കിയപ്പോൾ എൻജിനീയറിങ്ങിനായി നിശ്ചയിച്ച മൊത്തം ഗ്ലോബൽ മീൻ കേരള സിലബസിലുള്ളതിനെക്കാൾ കുറഞ്ഞു. ഇത്തവണ ഫിസിക്സിൽ 69.2319 ഉം കെമിസ്ട്രിയിൽ 70.6020ഉം മാത്സിൽ 64.1281ഉം ആണ് വിവിധ ബോർഡുകളുടെ മാർക്ക് നിലവാരം പരിഗണിച്ച് ഗ്ലോബൽ മീനായി നിശ്ചയിച്ചത്. ഇതോടെ ഇതിനു മുകളിലുള്ള കേരള സിലബസിലുള്ള വിദ്യാർഥികളുടെ മാർക്ക് അനുപാതം കുറയുകയും നേരത്തേ കുറവുള്ള ബോർഡിലുള്ളവർക്ക് കൂടുകയും ചെയ്തു. കേരള സിലബസിൽ മുഴുവൻ മാർക്ക് ലഭിച്ചവർക്ക് പോലും സ്റ്റാൻഡേഡൈസേഷനിലൂടെ റാങ്കിങ്ങിനുവേണ്ടി പരിഗണിച്ചപ്പോൾ 23 മാർക്കിന്റെ വരെ കുറവ് അനുഭവപ്പെട്ടു.
സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയത്തിൽ മത്സരിച്ചുമാർക്കിടുന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനായി ഉത്തര പേപ്പർ മൂല്യനിർണയത്തിനുള്ള സൂചികയിൽ അധ്യാപകർ നടത്തിയ ഇടപെടലിൽ വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നു. മികവില്ലാത്ത വിദ്യാർഥികളെ മികവിലേക്ക് കൃത്രിമമായി ഉയർത്തുന്നത് മികവുള്ള വിദ്യാർഥികൾക്ക് കൂടി തിരിച്ചടിയാകുന്നതാണ് അനുഭവം. കോവിഡിനെ തുടർന്നാണ് സംസ്ഥാനത്ത് ഉദാരമൂല്യനിർണയം ശക്തിപ്പെട്ടത്. ഇതിന്റെ ഫലമായി എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് 2021ലും വൻ മാർക്ക് നഷ്ടം സംഭവിച്ചിരുന്നു. പൊതുപരീക്ഷ മൂല്യനിർണയത്തിൽ പരിഷ്കരണം കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തിയ വിദ്യാഭ്യാസ കോൺക്ലേവിലെ നിർദേശങ്ങൾ സർക്കാറിന്റെ പരിഗണനയിലാണ്.
ആദ്യം നേട്ടം; പിന്നീട് തിരിച്ചടി
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിലെ മാർക്ക് കൂടി പരിഗണിച്ചുള്ള ഏകീകരണ പ്രക്രിയ കൊണ്ടുവന്നത് സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്. പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം പരിഗണിച്ചുള്ള റാങ്കിങ്ങിൽ കേരള വിദ്യാർഥികൾ ഏറെ പിറകിലാകുന്നതാണ് അനുഭവം. ഇതോടെയാണ് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരടങ്ങിയ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. കമ്മിറ്റി രൂപപ്പെടുത്തിയ ഫോർമുലക്ക് 2011 നവംബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലൂടെ അംഗീകാരം നൽകി. ഹയർസെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ ശരാശരി മാർക്ക് മറ്റ് ബോർഡുകളെ അപേക്ഷിച്ച് കുറവായിരുന്നതിനാൽ ഏകീകരണത്തിലൂടെ കേരള വിദ്യാർഥികൾ ആദ്യകാലങ്ങളിൽ നേട്ടമുണ്ടാക്കി. എന്നാൽ, 2020 മുതൽ കോവിഡ്കാല ഉദാരമൂല്യനിർണത്തോടെ സ്ഥിതിമാറി. മറ്റു ബോർഡുകളെ അപേക്ഷിച്ച് കേരള സിലബസിലുള്ള ശരാശരി മാർക്ക് ഉയർന്നു. ഇതോടെ ഇതര സിലബസിലുള്ളവർക്ക് സ്റ്റാൻഡേഡൈസേഷനിലൂടെ മാർക്ക് ഉയരുമ്പോൾ കേരള സിലബസിലുള്ളവർക്ക് മാർക്ക് നഷ്ടവും വന്നു.