കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു. ‘ടുഗതർ-4’ എന്ന പേരിൽ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
രാജ്യത്തെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക സംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ‘ടുഗതർ-4’. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ജോലിയും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും സമഗ്രമായ അവലോകനം ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളികൾക്ക് ശക്തമായ സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കുകയും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുകയും ലക്ഷ്യമാണ്.
ഹോട്ട്ലൈനുകളിലൂടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെയും ഒന്നിലധികം ഭാഷകളിൽ നിയമപരമായ കൺസൽട്ടേഷനുകളും ഏർപ്പെടുത്തും. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ലഘുരേഖകളും വിതരണം ചെയ്യും. രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഇതുവഴി ഉറപ്പുവരുത്തുമെന്നും മാൻപവർ അതോറിറ്റി ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഫഹദ് അൽ മുറാദ് അറിയിച്ചു.
റിക്രൂട്ട്മെന്റ് ഘട്ടം മുതൽ തൊഴിലാളികൾ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള തൊഴിൽ നടപടികളുടെ എല്ലാ വശങ്ങളും അതോറിറ്റി വിലയിരുത്തിവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിന് സ്ഥിരം സമിതി രൂപീകരണവും ‘ടുഗതർ-4’ വഴി ലക്ഷ്യമിടുന്നു. പ്രശ്നങ്ങൾ നേരിടുന്ന വനിത പ്രവാസി തൊഴിലാളികൾക്ക് നിയമോപദേശത്തോടൊപ്പം ആരോഗ്യ, മാനസിക, താമസ സഹായ സേവനങ്ങളും നൽകുന്നത് തുടരുമെന്നും വ്യക്തമാക്കി.
പ്രധാന നടപടികൾ
- തൊഴിലാളികൾക്ക് സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കൽ
- തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കൽ
- ഹോട്ട്ലൈനുകളിലൂടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെയും ഒന്നിലധികം ഭാഷകളിൽ നിയമപരമായ കൺസൽട്ടേഷനുകൾ
- തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ലഘുരേഖ വിതരണം