കാര്യമായ പ്രഖ്യാപനങ്ങൾ ഇത്തവണയും ഇല്ല
ദുബൈ: ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഏഴാമത് ബജറ്റിലും പ്രവാസി സമൂഹത്തിന് കാര്യമായ പരിഗണന ലഭിച്ചില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നിർണായക സംഭാവന നൽകുന്ന നാല് കോടിയോളം വരുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ഒരു നിർദേശവും ബജറ്റിലില്ല.
സ്വദേശിവത്കരണം ഗൾഫ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിവരം പ്രവാസി സംഘടനകൾ പലവട്ടം കേന്ദ്ര സർക്കാറിനെ ബോധിപ്പിച്ചിരുന്നെങ്കിലും ധനമന്ത്രി വിഷയം പരാമർശിക്കുക പോലും ചെയ്തില്ലെന്നത് നിരാശജനകമാണെന്ന് പ്രവാസി സംഘടനകൾ ആരോപിച്ചു.
വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കുക, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാനുള്ള ധനസഹായം, സൗജന്യ ചികിത്സാപദ്ധതി, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യം തുടങ്ങി പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നും പുതിയ പദ്ധതികളോ ധനസഹായ വർധനയോ പ്രഖ്യാപിക്കാതെ ഉപരിപ്ലവമായ രീതിയിലാണ് ബജറ്റ് ധനമന്ത്രി പൂർത്തിയാക്കിയത്.
നിർമിതബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ ലോകത്ത് വലിയ ജോലി സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം കോഴ്സുകളിൽ ശ്രദ്ധയൂന്നുന്ന പദ്ധതികളെ കുറിച്ചും ഇത്തവണയും ബജറ്റിൽ പരാമർശമില്ല. തൊഴിൽ തട്ടിപ്പിനിരയായി ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെ സംരക്ഷിക്കാനും പുനരധിവാസത്തിനും പ്രത്യേക പദ്ധതികൾ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചതാണ് ഈ മേഖലയിലെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്. എന്നാൽ, അത് സാധാരണക്കാരായ പ്രവാസികൾക്ക് എത്രമാത്രം സഹായകരമാവുമെന്ന് വ്യക്തമല്ല.
കോവിഡിനുശേഷം വിദേശ രാജ്യങ്ങളിൽ പ്രവാസികളുടെ മരണ നിരക്ക് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇതേകുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫണ്ട് നീക്കിയിരിപ്പില്ലാത്തതിനാൽ പദ്ധതി അവതാളത്തിലാണ്.
പ്രവാസി അവഗണനയും ജനവിരുദ്ധവും -പ്രവാസി ഇന്ത്യ
മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ ബജറ്റുകളെ പോലെ തന്നെ പ്രവാസി പ്രശ്നങ്ങളെ അവഗണിക്കുകയും പ്രവാസി സമൂഹത്തെ അദൃശ്യവത്കരിക്കുന്നതുമാണ്. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലെ നല്ലൊരു പങ്ക് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടേതാണെങ്കിലും രാജ്യത്തെ സാമ്പത്തിക വിനിമയം നിർണയിക്കുന്ന ബജറ്റിൽ ഇക്കുറിയും അവർക്ക് പരിഗണനയില്ല.
കഴിഞ്ഞ 10 വർഷമായി മോദി ഗവൺമെന്റ് പിന്തുടരുന്ന പ്രവാസി വിരുദ്ധനയം തന്നെയാണ് ഈ ബജറ്റിലും കാണുന്നത്. പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയപ്പോൾ നിരന്തരമായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. കേരളത്തിൽ അനുവദിക്കപ്പെട്ട എയിംസിനുപോലും ഫണ്ട് മാറ്റി വെച്ചിട്ടില്ല.
പ്രവാസികൾക്ക് അവഗണന -അബൂദബി കെ.എം.സി.സി
കേന്ദ്ര ബജറ്റ് തീർത്തും നിരാശജനകവും പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുന്നതുമാണെന്ന് അബൂദബി കെ.എം.സി.സി അഭിപ്രായപ്പെട്ടു. വിമാന യാത്ര നിരക്ക്, വെൽഫെയർ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം, ഇൻഷുറൻസ് തുടങ്ങി പ്രവാസ സമൂഹം കാലങ്ങളായി ഉന്നയിക്കുന്ന പല വിഷയങ്ങൾക്ക് നേരെയും കണ്ണടച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാറിന്റെ നിലനിൽപിനായി ഘടക കക്ഷികളെ ചേർത്ത് നിർത്താനുള്ള ഒരു ബജറ്റായി ഇത് മാറി. കേരള വികസനത്തിന് ഉതകുന്ന ഒരുവിധ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങലും ജനറൽ സെക്രട്ടറി യൂസഫ് സി.എച്ചും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പ്രവാസികളെ അവഗണിച്ചു -ജനത കൾച്ചർ സെന്റർ
ഓരോ വർഷവും പ്രവാസികളെ പരിഗണിക്കുമെന്ന പ്രതീക്ഷ ഈ വർഷവും അസ്തമിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ പ്രവാസികൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ, പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ സാമൂഹിക ജീവിതത്തിനും ഉതകുന്ന രീതിയിലുള്ള ഒരു നിർദേശവും ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഉണ്ടാവാത്തതിൽ പ്രവാസി സമൂഹം ശക്തമായി പ്രതിഷേധിക്കുന്നു.
എം.പിയും സഹമന്ത്രിയും കേരളത്തിൽ നിന്ന് ഉണ്ടായിരിക്കെ ഈ അവഗണനക്കെതിരെ കേരളത്തിലെ ബി.ജെ.പി തന്നെ ശക്തമായി പ്രതികരിക്കണമെന്ന് ജനത കൾച്ചർ സെന്റർ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ പി.ജി രാജേന്ദ്രൻ, ടെന്നീസ് ചെന്നാപ്പള്ളി, സുനിൽ മയ്യന്നൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രതീക്ഷ നൽകുന്ന ബജറ്റ്
കേന്ദ്ര ബജറ്റിൽ ഇത്തവണ ആരോഗ്യ സംരക്ഷണ മേഖലക്ക് വലിയ ഊന്നല്‍ നല്‍കിയെന്ന് തോന്നുന്നില്ല. എങ്കിലും ഈ മേഖലക്കുള്ള ബജറ്റ് വിഹിതത്തിൽ 12.5 ശതമാനം വർധന വരുത്തിയത് പ്രതീക്ഷ നല്കുന്നു. പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കല്‍, ഗര്‍ഭാശയ അര്‍ബുദത്തിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിലുള്ള പ്രോത്സാഹനം, വിപുലീകരിച്ച മാതൃ-ശിശു സംരക്ഷണ പദ്ധതികള്‍, നൂതനമായ ‘യു വിൻ’ പ്രതിരോധ കുത്തിവെപ്പിനുള്ള പ്ലാറ്റ് ഫോം എന്നിവ ആരോഗ്യ മേഖലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ആഭ്യന്തര എക്സ്റേ മെഷീന് ഉല്പാദനത്തിനായുള്ള എക്സ്റേ ട്യൂബുകളുടെയും ഫ്ലാറ്റ് പാനല്‍ ഡിറ്റക്ടറുകളുടെയും കസ്റ്റംസ് തീരുവയിൽ ഇളവ്, മൂന്ന് അർബുദ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത് തുടങ്ങിയവ രാജ്യവ്യാപകമായി അർബുദ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കും.
ഇന്ത്യന്‍ ജനസംഖ്യയുടെ 66 ശതമാനം ഇപ്പോഴും 35 വയസ്സിന് താഴെയുള്ളവരും 7 -8 ദശലക്ഷം യുവാക്കള്‍ പ്രതിവര്‍ഷം തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നവരുമായതിനാല് യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനവുമാണ് ബജറ്റ് ലക്ഷ്യമിടുന്നത് – ഡോ. ആസാദ് മൂപ്പന്, സ്ഥാപക ചെയര്മാന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍
സ്വർണ ഇറക്കുമതി തീരുവ കുറച്ചത് സ്വാഗതാർഹം
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് ഉൾപ്പെടെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് സ്വാധീനം ചെലുത്തുന്ന സ്വാഗതാർഹമായ നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നുണ്ട്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതു വഴി അനധികൃത ഇറക്കുമതിയും വ്യാപാരവും തടയാനും അതുവഴി സംഘടിത ജ്വല്ലറി റീട്ടെയിലർമാർക്ക് വലിയ നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ നിയന്ത്രിതവും വളർച്ച പ്രാപിക്കുന്നതുമായ ജ്വല്ലറി വിപണിയെ പരിപോഷിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും വിപണിക്കും സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക വളർച്ചയും സ്ഥിരതയും നേടാനാവും – ഷംലാൽ അഹമ്മദ്, എം.ഡി ഇന്റർനാഷനൽ ഓപറേഷൻസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
സ്വർണ ഇറക്കുമതി തീരുവ കുറച്ചത് സ്വാഗതാർഹം
കേന്ദ്ര ബജറ്റിൽ സ്വർണം വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചത് സ്വാഗതാർഹമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളെന്ന നിലയിൽ ഇന്ത്യയും ദുബൈയും തമ്മിലുള്ള സ്വർണ വിലയിലെ അന്തരം കുറക്കുകയും ദുബൈയിൽ സ്വർണത്തിന് വിലകുറയാൻ സഹായിക്കുകയും ചെയ്യും. സ്വാഭാവികമായും ഇന്ത്യൻ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർധിക്കും – ജോൺ പോൾ, ആലുക്കാസ് മാനേജിങ് ഡയറക്ടർ, ജോയ് ആലുക്കാസ് ഗ്രൂപ്
രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബജറ്റ്
രാജ്യത്തിനുവേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയെയും മുൻകൂട്ടി കണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ബജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു.
എന്നാൽ, ഇന്ത്യയിലെ എൻ.ആർ.ഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജി.ഡി.പി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ – അദീബ് അഹമ്മദ് എം.ഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
പ്രവാസി സമൂഹത്തിന് നിരാശ മാത്രം
സമ്പദ് വ്യവസ്ഥയിൽ നിർണായകമായ സംഭാവന നൽകുന്ന നാല് കോടിയോളം വരുന്ന പ്രവാസി സമൂഹത്തിന് ഒരു പ്രഖ്യാപനവും ബജറ്റിൽ നടത്താത്തത് നിരാശജനകമാണ്. ഓരോ വർഷവും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണ്.
വ്യക്തിഗത നികുതി വിഷയത്തിൽ വരുത്തിയ മാറ്റം പ്രശംസനീയമാണ്. ഹരിത ഊർജം, കൃഷി, ചെറുകിട വ്യവസായം, സ്റ്റാർട്ടപ്, സ്ത്രീ ശാക്തീകരണം എന്നിവക്ക് ഊന്നൽ നൽകിയ ബജറ്റ് ആന്ധ്രപ്രദേശ്, ബിഹാർ, അസം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കാര്യമായ ഫണ്ട് അനുവദിച്ചത് – കെ.വി. ശംസുദ്ദീൻ, സ്ഥാപക ഡയറക്ടർ, ബർജീൽ ജിയോജിത്ത് ഫിനാൻഷ്യൽ എൽ.എൽ.സി
എയിംസ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം
കേരളം ഏറെനാളായി കാത്തിരിക്കുന്ന എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധന ബജറ്റിൽ ഒരു പ്രഖ്യാപനവും നടത്താത്തതിൽ വലിയ നിരാശയും പ്രതിഷേധവുമുണ്ട്. ഭരണം നിലനിർത്താൻ രണ്ട് സംസ്ഥാനങ്ങളെയും ചില വ്യക്തികളെയും മാത്രം സന്തോഷിപ്പിച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്.
ഫെഡറലിസത്തിന്റെ കടക്കൽ കത്തി വെക്കുന്ന, സംസ്ഥാനങ്ങളെ രാഷ്ട്രീയ വേർതിരിവോടെ കണ്ട ബജറ്റാണത്. കേരളത്തിന് കാര്യമായി ഒന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിറകോട്ട് നയിക്കുന്ന ബജറ്റാണ് – മുഹമ്മദ് ജാബിർ ജനറൽ സെക്രട്ടറി, ഇൻകാസ് യു.എ.ഇ
കൈക്കൂലി ബജറ്റ്
വെറും കൈക്കൂലി ബജറ്റാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്. കേരളം എന്ന പേര് പോലും പരാമർശിക്കപ്പെട്ടിട്ടില്ല. മൂന്നാം മോദി സർക്കാറിന്റെ നിലനിൽപിനായി ബിഹാറിനും ആന്ധ്രക്കും കൈക്കൂലി കൊടുക്കാനാണ് ധനമന്ത്രിക്ക് കിട്ടിയ നിർദേശമെന്ന് തോന്നുന്നു.
അതവർ ഭംഗിയായി നിർവഹിച്ചത് കാണാം. ഇന്ത്യയുടെ ഫെഡറലിസത്തെ ബലികഴിക്കുന്ന നയമാണിതെന്ന് പറയാതെ വയ്യ. ഈ ബജറ്റിൽ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങൾ ഭരണഘടനയെ മുൻ നിർത്തി സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടത്.
വിവേചനപരമായ പൊതു ബജറ്റിനെതിരെ ഇന്ത്യ മുന്നണി എം.പിമാർ നടത്തുന്ന പ്രതിഷേധത്തിന് ധാർമിക പിന്തുണ നൽകുകയാണ് പ്രവാസലോകവും ചെയ്യേണ്ടത് – പുത്തൂർ റഹ്മാൻ, പ്രസിഡന്റ്, കെ.എം.സി.സി യു.എ.ഇ
കേന്ദ്ര ബജറ്റ് തീർത്തും നിരാശജനകം
കേന്ദ്ര ബജറ്റ് അങ്ങേയറ്റം കേരള വിരുദ്ധവും പ്രവാസി വിരുദ്ധവുമാണ്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ തൊഴിൽ ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ അവരുടെ പുനരധിവാസത്തിനുവേണ്ടി നയാ പൈസ പോലും വകയിരുത്തിയില്ല. കേന്ദ്രം കേരളത്തോടും മലയാളികളോടും വൈകാരിക ബുദ്ധിയോടെ പെരുമാറുകയാണ്. സംസ്ഥാനങ്ങൾക്കുവേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ല.
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റായിരുന്നു. കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശജനകമായ ബജറ്റാണിത്. എയിംസ് കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, കേരളത്തിന്റെ പ്രധാന വിഷയങ്ങളായ ആരോഗ്യ മേഖലയിൽ വെട്ടിച്ചുരുക്കലുണ്ടായി.
തൊഴിലിനെപ്പറ്റി ബജറ്റിൽ ഏറ്റവുമധികം പറഞ്ഞെങ്കിലും 10 ലക്ഷത്തിലധികം ഒഴിവുകൾ നികത്തിയിട്ടില്ല. രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിട്ടുകൂടി കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ല. ഇവരും യു.ഡി.എഫ് എം.പിമാരും ഇതിൽ അഭിപ്രായം പറയണം – എൻ. കെ. കുഞ്ഞഹമ്മദ്, പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടർ, ദുബൈ