കനത്ത ശീതക്കാറ്റിനെ അവഗണിച്ച്, കാർഗിൽ കൈയേറിയ പാക് പടയെ തുരത്താൻ ഗാർവാൾ റൈഫിൾസ് റെജിമെന്റിലെ 17ാം ബറ്റാലിയനെ നയിച്ച കോഴിക്കോട് സ്വദേശി കേണൽ രാജ് നാരായൺ, വീരമൃത്യു വരിച്ച സൈനികരെയും ഒരിക്കലും മരിക്കാത്ത അനുഭവങ്ങളെയും ഓർത്തെടുക്കുന്നു. നിലവിൽ രാജസ്ഥാനിലാണ് അദ്ദേഹം.
അഞ്ജലിയുടെ പ്രണയകുടീരത്തിൽ ക്യാപ്റ്റൻ ജിന്റു
കാർഗിൽ യുദ്ധത്തിൽ പാക് പടയെ ധീരമായി നേരിട്ട് വീരമൃത്യുവരിച്ച ക്യാപ്റ്റൻ ജിന്റു ഗൊഗോയ് എന്നുമെനിക്ക് നൊമ്പരപ്പെടുത്തുന്ന വേദനയാണ്. ഒരുപാട് ഓർമകൾ ബാക്കിവെച്ചാണ് അവൻ മടങ്ങിയത്. അസം സ്വദേശിയായ അവന്റെ മധുരിക്കുന്ന പ്രണയവും വിവാഹത്തിന്റെ വാതിൽപടിയിൽ ജീവൻ പൊലിഞ്ഞതും റെജിമെന്റിനാകെ മറക്കാനാവാത്ത നൊമ്പരമാണ്. പഞ്ചാബിയായ അഞ്ജലി പരാശറുമായി ഒമ്പതുവർഷത്തെ പ്രണയത്തിനുശേഷം വിവാഹനിശ്ചയവും കഴിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജിന്റു ജീവൻ ബലിനൽകിയത്. പ്രണയനാളുകളിലൊരിക്കൽ അഞ്ജലി സമ്മാനിച്ച കാമറ അദ്ദേഹത്തിനെന്നും പ്രിയപ്പെട്ട സമ്പാദ്യമായിരുന്നു. അതുകൊണ്ടവൻ മഞ്ഞുമലകളുടെ ഒട്ടേറെ ചിത്രങ്ങൾ ഒപ്പിയെടുത്തു. യുദ്ധംകൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഒരുനാളിൽ പാക് പടയെ തുരത്തുന്നതിനിടെ അവൻ വെടിയേറ്റുവീണു. ജിന്റുവിന്റെ പിതാവ് വായുസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു. എയർ ഓഫിസറായിരുന്ന ടി.ആർ. ഗൊഗോയ് മകന്റെ വിയോഗമറിഞ്ഞിട്ടും തളർന്നില്ല. കാലാപത്തർ മേഖലയിൽ വെച്ചാണ് ജിന്റു വെടിയേറ്റുവീണത്. അദ്ദേഹത്തിന്റെ മൃതദേഹം സ്വദേശത്ത് സംസ്കരിച്ച ശേഷം ചിതാഭസ്മം ജിന്റു വെടിയേറ്റുവീണ കാലാപത്തറിൽ നിമജ്ജനം ചെയ്യണമെന്ന പിതാവിന്റെ ആഗ്രഹം സൈന്യം നിർവഹിച്ചത് ഒരിക്കലും മറക്കാനാവില്ല. ലഫ്. കേണൽ ഋഷി സിങ്ങാണ് ചിതാഭസ്മം നിമജ്ജനം ചെയ്യാൻ നേതൃത്വം നൽകിയത്. അസമിലെ ജോർഹട്ടിൽ ജിന്റുവിന്റെ ഓർമക്കായി ഇന്നും ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നുണ്ട്. പ്രണയിനിയായ അഞ്ജലി സമ്മാനിച്ച അമൂല്യമായ കാമറ പാക് സൈനികർ കൊണ്ടുപോയി. ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ പ്രണയനിമിഷങ്ങൾ പകർത്തിയ ആ ഫ്രെയിമുകളും ഓർമയായി.
കണ്ണീരോർമയായി വീരേന്ദ്ര ലാലിന്റെ ‘കൊച്ചുപാവ’
പിറക്കാനിരിക്കുന്ന തന്റെ ആദ്യത്തെ കൺമണിക്ക് സമ്മാനിക്കാനായി പാവ മേടിക്കുമ്പോൾ ഇനിയൊരിക്കലും നാടണയില്ലെന്ന് ആ സൈനികൻ ഓർത്തിരിക്കില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ വീരേന്ദ്രലാൽ കാർഗിൽ മലനിരകളിൽ വെടിയേറ്റുവീഴുന്നത് 1999 ജൂൺ 30നാണ്. ഭർത്താവിന്റെ ജീവത്യാഗം അറിയാതെ ഭാര്യ ജൂലൈ ഏഴിന് ആദ്യ കൺമണിക്ക് ജന്മം നൽകി. വീരേന്ദ്രലാലിന്റെ വിയോഗത്തിനുശേഷം, മേലുദ്യോഗസ്ഥനായ ഞാൻ അദ്ദേഹത്തിന്റെ പെട്ടി പരിശോധിച്ചപ്പോഴാണ് ആദ്യ കൺമണിക്ക് നൽകാനായി നിധി പോലെ സൂക്ഷിച്ച പാവക്കുട്ടി കണ്ടത്. അന്ന് ഒരുപാട് കരഞ്ഞു. ലാലിന്റെ ലഗേജുകൾ നാട്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ മറക്കാതെ തന്നെ പാവക്കുട്ടിയെയും ഭദ്രമായി പാക്ക് ചെയ്തു. ലാലിന്റെ ഭാര്യ പാവക്കുട്ടിയെ കുഞ്ഞിന് കൈമാറിയ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായില്ല.
കൃപാൽസിങ്ങിന്റെ അന്ത്യാഭിലാഷം; ‘ആ കടങ്ങൾ വീട്ടണം’
യുദ്ധരംഗത്ത് ഭക്ഷണവുമായി എത്തുന്ന നായക് കൃപാൽസിങ് വീരമൃത്യു മരിച്ചത് ധീരനായാണ്. യുദ്ധമുന്നണിയിലേക്ക് പൂരിയും റൊട്ടിയും ബട്ടറും ജാമുമായി എത്തുന്ന അദ്ദേഹം ക്യാമ്പിലേക്കുള്ള മടക്കയാത്രയിലാണ് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. ഷെല്ലേറ്റ് സിങ്ങിന്റെ വയറിന്റെ ഒരുഭാഗം തകർന്നു. അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന കമൽബാൻ സിങ്ങിനോട് കൃപാൽസിങ് മരണം മുന്നിലെത്തിയപ്പോൾ പതിയെ പറഞ്ഞു. ‘സഹപ്രവർത്തകരിൽ ചിലർക്ക് നൽകാനുള്ള പണത്തിന്റെ കണക്ക് ഡയറിയിലുണ്ട്. ആനുകൂല്യങ്ങൾ കിട്ടുമ്പോൾ അത് കൃത്യമായി നൽകണം’