ചണ്ഡീഗഡ്: പൊലീസ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ തുടങ്ങിയ ജോലികളിൽ അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണവും പ്രായത്തിൽ ഇളവും അനുവദിച്ച് ഹരിയാന സർക്കാർ.
സംസ്ഥാന സർക്കാറിന്റെ കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ, സ്പെഷ്യൽ പൊലീസ് ഓഫിസർ എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിൽ അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്രൂപ്പ് സി, ഡി തസ്തികകളിൽ മൂന്ന് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്നിവീർ സൈനികരുടെ ആദ്യ ബാച്ചിൽ പ്രായപരിധിയിലെ ഇളവ് അഞ്ച് വർഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ റിക്രൂട്ട്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യവസായ യൂനിറ്റ് പ്രതിമാസം 30,000 രൂപയിൽ കൂടുതൽ ശമ്പളം അഗ്നിവീറിന് നൽകിയാൽ, സർക്കാർ ആ യൂനിറ്റിന് പ്രതിവർഷം 60,000 രൂപ സബ്സിഡി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.