ദോഹ: ഫ്രാൻസിന്റെ തലസ്ഥാന നഗരിയായ പാരിസിൽ ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന് വെള്ളിയാഴ്ച കൊടി ഉയരുകയാണ്. 206 രാജ്യങ്ങളിൽ നിന്ന് 10,000ത്തിലേറെ കായിക താരങ്ങൾ മാറ്റുരക്കുന്ന വിശ്വവേദി. ലോകം സംഗമിക്കുന്ന മണ്ണിൽ ഇത്തവണ ഏറെ പ്രതീക്ഷയോടെ ഖത്തറും ട്രാക്കിലും ഫീൽഡിലുമായിറങ്ങുകയാണ്. 14 അംഗ സംഘവുമായി പാരിസിലേക്ക് പുറപ്പെട്ട ഖത്തർ നാലു വർഷം മുമ്പു നടന്ന ടോക്യോ ഒളിമ്പിക്സിലെ ചരിത്ര നേട്ടം സ്വപ്നം കണ്ടാണെത്തുന്നത്.
അന്ന് 16പേരുമായി ടോക്യോയിലെത്തിയവർ രണ്ട് സ്വർണവും ഒരു വെള്ളിയുമായി മടങ്ങിയപ്പോൾ മിഡിൽഈസ്റ്റ് മേഖലയിൽ തന്നെ ഏറ്റവും മികച്ച മെഡൽ നേട്ടമായി അതു മാറി.
ലോസ് ആഞ്ജലസ് ടു പാരിസ്
1984ൽ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഒളിമ്പിക്സ് ഗെയിംസിൽ ശക്തമായ സാന്നിധ്യമാണ് ഖത്തർ. ഓരോ ഒളിമ്പിക്സും കഴിഞ്ഞ് അടുത്ത ഒളിമ്പിക്സിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രകടനം രാജ്യം കാഴ്ചവെച്ചു. മെഡലുകളും റെക്കോഡുകളുമായി ഗൾഫ്, അറബ് രാജ്യങ്ങൾക്കിടയിൽ പ്രമുഖ സ്ഥാനം കരസ്ഥമാക്കി. എട്ട് ഒളിമ്പിക്സുകളിൽ നിന്നായി രണ്ട് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുള്ള മെഡൽ നേട്ടം.
1976ലെ മോൺട്രിയാൽ ഗെയിംസിലായിരുന്നു ഖത്തർ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഫുട്ബാൾ, അത്ലറ്റിക്സ്, ഷൂട്ടിങ് എന്നിവയിൽ മത്സരിച്ചാണ് സജീവ പങ്കാളിത്തം ആരംഭിച്ചത്. സ്വർണം നേടിയ ഫ്രാൻസ് ടീമിനെ രണ്ടു ഗോളടിച്ച് സമനിലയിൽ തളക്കാൻ ഖത്തറിനായി. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗ്രൂപ്പിലെ ശേഷിച്ച മത്സരങ്ങളിൽ നോർവെ, ചിലി ടീമുകളോട് പൊരുതിത്തോറ്റ ഖത്തർ പുറത്തായി.
1988ൽ സോൾ ഒളിമ്പിക്സിൽ എട്ട് അത്ലറ്റുകളുൾപ്പെടെ 12 അംഗ സംഘത്തെയാണ് ഖത്തർ അയച്ചത്. 1992 ബാഴ്സലോണ ഒളിമ്പിക്സിലാണ് ഖത്തറിന് ആദ്യമായി മെഡൽ ലഭിച്ചത്. 31 അംഗങ്ങളാണ് അന്ന് ഒളിമ്പിക്സിനെത്തിയത്. 1500 മീറ്ററിൽ ലോകത്തെ മുൻനിര അത്ലറ്റുകളെ പിന്തള്ളി ഖത്തറിന്റെ മുഹമ്മദ് സുലൈമാൻ വെങ്കല മെഡൽ നേടി. ഖത്തറിനും ഗൾഫ് മേഖലക്കും അതൊരു ചരിത്ര നേട്ടമായി മാറി. ഈ ഒളിമ്പിക്സിൽ ഫുട്ബാൾ ടീം ആദ്യമായി ക്വാർട്ടർ വരെയെത്തി.
1996ൽ അത്ലറ്റിക്സ്, ഷൂട്ടിങ്, വോളിബാൾ, ടേബിൾ ടെന്നിസ് എന്നീ ഇനങ്ങളിലായി 12 അത്ലറ്റുകളാണ് മത്സരിച്ചത്. ഖത്തരി കായിക ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ട നാസർ സാലിഹ് അൽ അതിയ്യയുടെ അരങ്ങേറ്റത്തിനായിരുന്നു അറ്റ്ലാന്റ ഒളിമ്പിക്സ് സാക്ഷ്യം വഹിച്ചത്.
2000ലെ സിഡ്നി ഒളിമ്പിക്സ് ഖത്തരി നീന്തൽ താരങ്ങളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഭാരോദ്വഹനത്തിൽ 105 കിലോഗ്രാം വിഭാഗത്തിൽ അസദ് സെയ്ഫ് വെങ്കല മെഡൽ നേടി.
2004ലെ ആതൻസിലേക്ക് തിരിച്ചെത്തിയ ഒളിമ്പിക്സിൽ നാസർ അൽ അതിയ്യയായിരുന്നു പതാക വാഹകൻ. 20 അത്ലറ്റുകൾ ഉൾപ്പെടെ 41 അംഗ സംഘമായിരുന്നു അന്ന് ആതൻസിലെത്തിയത്. ഒളിമ്പിക്സിൽ ഖത്തറിന്റെ ഏറ്റവും വലിയ പങ്കാളിത്തം. 2008ൽ ബീജിങ് ഒളിമ്പിക്സിൽ 22 പേർ പങ്കെടുത്തു. അതലറ്റിക്സ് വിഭാഗത്തിൽ 14 പേരാണ് പങ്കെടുത്തത്.
2012ൽ ലണ്ടൻ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടാൻ ഖത്തറിന് കഴിഞ്ഞു. അതിലൊന്ന് ഹൈജംപ് ഇതിഹാസം മുഅ്തസ് ബർഷിമിന്റെ വെള്ളിയായിരുന്നു. ഷൂട്ടിങ്ങിൽ നാസർ അൽ അതിയ്യ വെങ്കലം നേടി. നാല് ഖത്തരി വനിതാ അത്ലറ്റുകളുടെ അരങ്ങേറ്റത്തിനും ലണ്ടൻ വേദിയായി.
2016ലെ റിയോ ഒളിമ്പിക്സിൽ ഹൈജംപിൽ ബർഷിം വീണ്ടും വെള്ളി നേടി ഖത്തറിന്റെ ഒളിമ്പിക് മെഡൽ നേട്ടം അഞ്ചാക്കി ഉയർത്തി. 10 കായിക ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 38 അത്ലറ്റുകളാണ് ബ്രസീലിലേക്ക് പറന്നത്. ഹാൻഡ്ബാൾ, ജൂഡോ, ബീച്ച് വോളി എന്നിവയിലെല്ലാം ഖത്തർ മികച്ച പ്രകടനം പുറത്തെടുത്തു.
ചരിത്രമെഴുതിയ ടോക്യോ
2021ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ രണ്ട് സ്വർണം നേടി രാജ്യം ചരിത്രം കുറിച്ചു. രണ്ട് ഒളിമ്പിക്സുകളിൽ തുടർച്ചയായി വെള്ളി നേടിയ ബർഷിം ടോക്യോയിൽ അത് സ്വർണമാക്കി മാറ്റി. ഭാരോദ്വഹനത്തിൽ ഫാരിസ് ഇബ്രാഹിമും സ്വർണം നേടി. ഇതാദ്യമായാണ് ഒരു ഒളിമ്പിക്സിൽ ഖത്തർ രണ്ട് സ്വർണം നേടുന്നത്. ബീച്ച് വോളിയിൽ വെങ്കലം നേടി ആദ്യമായി ഒളിമ്പിക് മെഡൽ നേടുന്ന അറബ് ടീമായി ഖത്തർ ചരിത്രത്തിലിടം നേടി. ഖത്തറിന്റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം എട്ടായി ഉയർന്നു.
33ാമത് ഒളിമ്പിക്സിന് ട്രാക്കും ഫീൽഡും ഉണരാൻ ഏതാനും ദിവസങ്ങൾ ശേഷിക്കേ 14 അംഗ അത്ലറ്റുകളിൽ നിന്നും ഖത്തർ മെഡലുകൾ പ്രതീക്ഷിക്കുന്നു. ഹൈജംപ് ഇതിഹാസം മുഅ്തസ് ബർഷിമിന്റെ വിടവാങ്ങൽ മത്സരത്തിന് കൂടിയാണ് പാരിസ് സാക്ഷ്യം വഹിക്കുന്നത്. അത്ലറ്റിക്സിൽ ഏഴ്, ഷൂട്ടിങ്ങിൽ രണ്ട്, ബീച്ച് വോളിയിൽ രണ്ടും നീന്തൽ, വെയ്റ്റ് ലിഫ്റ്റിങ് എന്നിവയിൽ ഓരോ താരങ്ങളും മത്സരിക്കുന്നുണ്ട്.