തിരുവനന്തപുരം: സംസ്ഥാനം പൊതുവിപണിയിൽ നിന്നെടുത്ത വായ്പകൾക്ക് പലിശ ഇനത്തിൽ മാത്രം കഴിഞ്ഞ രണ്ടു വർഷം തിരിച്ചടച്ചത് 29,995.95 കോടി. 2022-23 വർഷം 14,269.28 കോടിയായിരുന്നു പലിശ ചെലവെങ്കിൽ 2023-24 ൽ ഇത് 15,726.67 കോടിയായി വർധിച്ചെന്നാണ് ധനവകുപ്പിന്റെ കണക്കുകൾ.
3,82,412 കോടി രൂപയാണ് നിലവിൽ സംസ്ഥാനത്തിന്റെ പൊതുകടം. 2016-17 മുതല്‍ 2023-24 വരെ പൊതുവിപണിയിൽ നിന്നെടുത്ത വായ്പയിൽ 24,100 കോടി 2027 മാർച്ചിനുള്ളിൽ തിരിച്ചടക്കണം. 10 വർഷം മുതൽ 40 വർഷം വരെ കാലാവധിയുള്ള വായ്പക്ക് 7.29 മുതൽ 7.85 ശതമാനം വരെയാണ് പലിശ നിരക്ക്. ക്ഷേമ പ്രവർത്തനങ്ങൾ അടക്കം തടസ്സപ്പെടുംവിധം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പലിശഭാരവും വായ്പതിരിച്ചടവും സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് മുകളിൽ വലിയ സമ്മർദമാകുന്നത്.
സംസ്ഥാനത്ത് കടവും വരുമാനവും തമ്മിലുള്ള അനുപാതം 3.42 ശതമാനത്തിൽനിന്ന് 5.13 ശതമാനമായി വർധിച്ചെന്നാണ് കണക്ക്. പഴയ കടം തിരിച്ചടയ്ക്കുന്നതിന് പുതിയ കടമെടുക്കുന്നതാണ് രീതി. ഇത്തരത്തിൽ പഴയ കടത്തിന്റെ തിരിച്ചടവിനായി എടുക്കുന്ന പുതിയ കടത്തിന്റെ തോത് 2016-17ൽ 5.77 ശതമാനമായിരുന്നത് 2019-20 ൽ 20.12 ശതമാനമായി വർധിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയുടെയും ജി.എസ്.ഡി.പിയുടെയും അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27 ആകുമ്പോഴേക്കും ജി.എസ്.ഡി.പിയുടെ 38.2 ശതമാനമായി വര്‍ധിക്കുമെന്ന് റിസർവ് ബാങ്ക് നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കടമെടുപ്പിൽ കേന്ദ്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും വരുന്ന സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിൽ 16.72 ശതമാനവും സമാഹരിക്കുന്നത് കടമെടുപ്പ് വഴിയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടർന്ന് മുടങ്ങിയ ക്ഷേമാനുകൂല്യങ്ങളെല്ലാം നൽകിത്തീർക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രകാരം കുടിശ്ശിക നിവാരണത്തിന് ചുരുങ്ങിയത് 20,000 കോടി വേണമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്.
തനത് വരുമാനം വർധിപ്പിക്കാതെ പ്രതിസന്ധി മറികടക്കാനാവില്ല. നികുതി കുടിശ്ശിക പിരിക്കുന്നതിന് ആനംസ്റ്റി സ്കീം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലം കാണുമോ എന്നതിൽ ഉറപ്പില്ല. 12,923.25 കോടി ലക്ഷ്യമിട്ട് മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച ആനംസ്റ്റിയിൽ ഇതുവരെ പിരിച്ചെടുത്തത് 744.66 കോടി മാത്രമാണ്.
തിരിച്ചടയ്ക്കേണ്ട വായ്പ
- ഈ വർഷം – 2,500 കോടി
- 2025-2026 – 2,300 കോടി
- 2026-27 – 19,300 കോടി