തിരുവനന്തപുരം: സംസ്ഥാനത്ത് പെർമിറ്റില്ലാതെ അനധികൃതമായി മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നെന്ന് സി.എ.ജി കണ്ടെത്തൽ. രണ്ട് കോർപറേഷനുകളും മൂന്ന് മുനിസിപ്പാലിറ്റികളിലും മാത്രം നടത്തിയ പരിശോധനയിൽ അനധികൃതമെന്ന് കണ്ടെത്തിയത് 236 ടവറുകളാണ്. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലും അങ്കമാലി, നോർത്ത് പറവൂർ, മലപ്പുറം മുനിസിപ്പാലിറ്റികളിലുമാണ് പരിശോധന നടന്നത്. ഇതിൽ തിരുവനന്തപുരത്ത് മാത്രമാണ് മുഴുവൻ വാർഡുകളിലും പരിശോധന പൂർത്തിയായത്. ഇവിടെ മാത്രം പെർമിറ്റില്ലാതെ 218 ടവറുകളുണ്ടെന്നാണ് കണ്ടെത്തൽ. ഈ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലുമായി ആകെയുള്ള 273 വാർഡുകളിൽ, 116 ഇടത്ത് പരിശോധന നടത്തിയപ്പോഴുള്ള സ്ഥിതിയാണിത്. സംസ്ഥാനത്ത് 87 മുനിസിപ്പിലിറ്റികളിലും ആറ് കോർപറേഷനുകളിലുമായി 3411 വാർഡുകൾ ഇനി പരിശോധിക്കാനുണ്ട്. ഇതിനു പുറമേ, 941 പഞ്ചായത്തുകളും. നിലവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം പെർമിറ്റ് ഫീസ് ഇനത്തിലും പെർമിറ്റ് ഇല്ലാതെ പ്രവർത്തിച്ചെന്ന കാരണത്താൽ പിഴ ഇനത്തിലും 2.20 കോടി കിട്ടാനുണ്ട്.
നിലവിലെ ചട്ട പ്രകാരം ടവറുകൾ സ്ഥാപിക്കുന്നതിന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് പ്രത്യേക പെർമിറ്റ് വാങ്ങണം. പെർമിറ്റില്ലെന്ന് കണ്ടെത്തിയാൽ വസ്തു നികുതിയും ഒപ്പം ഇരട്ടിത്തുക പിഴയായും ഈടാക്കാം. ഇതനുസരിച്ച് 236 ടവറുകളിൽനിന്നാണ് 2.20 കോടി സർക്കാറിന് കിട്ടാനുള്ളത്. അനധികൃത ടവറുകൾ കണ്ടെത്തിയും പിഴ ചുമത്തുമെന്ന് 2023 ഏപ്രിലിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഇക്കാര്യത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണെന്ന് വിമർശനവുമുണ്ട്. സര്‍ക്കാറിന്റെ ഉത്തരവുകളും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശങ്ങളും പാലിക്കാതെയാണ് പല സ്ഥലത്തും ടവറുകളുടെ നിര്‍മാണം.
അതേസമയം, സ്വകാര്യ മൊബൈൽ കമ്പനികൾക്ക് അനുകൂലമായി നിയമ നിർമാണത്തിന്റെ തിരിക്കിലാണ് കേന്ദ്രസർക്കാർ. ഇതിനോടകം കരട് നിയമവും പ്രസിദ്ധീകരിച്ചുണ്ട്. സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈൻ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും ടെലികോം കമ്പനികൾക്കു ജില്ല കലക്ടർമാർ വഴി അനുമതി ലഭിക്കും. കേരളത്തിൽ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ഫൈവ് ജി ടവറുകളുടെ എണ്ണം 14,000 കടന്നിട്ടുണ്ട്.