മലപ്പുറം: നിപ കണ്ടെത്തിയ സാഹചര്യത്തിൽ വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാൻ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻ.ഐ.വി) നിന്നുള്ള വിദഗ്ധ സംഘം മലപ്പുറം ജില്ലയിലെത്തി. നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ ചൊവ്വാഴ്ച മുതൽ വൈറസിന്റെ ജീനോമിക് സർവെ നടത്തും. സാമ്പിള്‍ ശേഖരിച്ച് പഠനം നടത്താൻ ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ജില്ലയിലെത്തും.
വനം വകുപ്പ് സഹകരണത്തോടെ ഇവര്‍ വവ്വാലുകള്‍ക്കായി വനമേഖലയിൽ മാപ്പിങ് നടത്തും. നിപ സ്രവ പരിശോധനക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട്ടെത്തിയിട്ടുണ്ട്. ലബോറട്ടറി സ്ഥാപിക്കാൻ എൻ.ഐ.വിയിലെ വിദഗ്ധർ തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദർശിച്ചു. ചൊവ്വാഴ്ച മുതൽ മൊബൈൽ ലാബ് മഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കും. മൊബൈല്‍ ലബോറട്ടറി വരുന്നതോടെ കൂടുതല്‍ സാമ്പിള്‍ പരിശോധിക്കാൻ സാധിക്കും. നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ (എൻ.സി.ഡി.സി) സംഘവും വൈകാതെ ജില്ലയിൽ പഠനത്തിനെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 6642 വീടുകള്‍ സന്ദര്‍ശിച്ചു
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 6642 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട്ട് 3702 ഉം ആനക്കയത്ത് 2940 ഉം വീടുകൾസന്ദര്‍ശിച്ചു. പാണ്ടിക്കാട്ട് 331 പനിക്കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാണ്ടിക്കാട്ടെ നാല് കേസുകള്‍ മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആകെ 7239 വീടുകളാണ് സന്ദർശിച്ചത്.
തലസ്ഥാനത്ത് നാലുപേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നാലുപേർ നിപ നീരിക്ഷണ പട്ടികയിൽ. ഒരു കുടുംബത്തിലെ മൂന്നുപേരും ഇവരുടെ ഡ്രൈവറുമാണ് പട്ടികയിലുള്ളത്. ഇവരിൽ രണ്ടുപേരുടെ സാമ്പ്ൾ നെഗറ്റിവാണ്.
രോഗം സ്ഥിരീകരിച്ച് വിദ്യാർഥി ചികിത്സ തേടിയെത്തിയ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം ഇവർ എത്തിയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ഡ്രൈവർക്ക് പുറമേ, പിതാവും മാതാവും മകളുമാണ് പട്ടികയിൽ. ഇതിൽ മാതാവും മകളുമാണ് ആശുപത്രിക്കുള്ളിൽ പ്രവേശിച്ചത്. പിതാവും ഡ്രൈവറും പുറത്ത് കാറിനുള്ളിലായിരുന്നു. സി.സി സി.ടി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്.
മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചത്. നാലുപേരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് രണ്ടുപേരുടെ ഫലം വന്നത്. രണ്ടും നെഗറ്റിവാണ്. രണ്ടുപേരുടേത് ചൊവ്വാഴ്ച ലഭിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നിപ: ഉറവിടമേത്? അമ്പഴങ്ങയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്
മലപ്പുറം: പാണ്ടിക്കാട്ട് നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന് തന്നെയാകാം വൈറസ് ബാധയേറ്റതെന്ന നിഗമനത്തിലാണ് നിലവിൽ വകുപ്പ്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുക.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് കഴിച്ചതെന്ന് ആരോഗ്യപ്രവർത്തകർക്ക് ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാൻ പോയ സമയത്ത് നാട്ടിലെ ഒരു മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി സൂചന ലഭിച്ചത്. ഇക്കാര്യം തന്നെയാണ് തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്.
വിദ്യാർഥി മറ്റു ജില്ലകളിൽ യാത്രപോയത് വളരെ മുമ്പാണ്. അതിനാൽ മറ്റു ജില്ലകളിൽ നിന്ന് വൈറസ് ബാധയേൽക്കാൻ സാധ്യതയില്ല. സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരപ്രകാരം നാട്ടിലെ മരത്തിൽനിന്നാണ് പഴം കഴിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റു കുട്ടികൾ ഈ പഴം കഴിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആരും വവ്വാലുകളുടെ ആവാസവ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചുവിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടത്തിനും വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി കൂടിച്ചേർത്തു.