ഡൽഹി: ‘പീറ്റർ ഇംഗ്ലണ്ട്’ ബ്രാൻഡ് നെയിം അനധികൃതമായി കടയുടെ പേരിൽ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈകോടതി. ഡൽഹിയിലെ ഫ്രണ്ട്സ് എന്ന വസ്ത്രസ്ഥാപനത്തോടാണ് പേരിൽ നിന്ന് ‘പീറ്റർ ഇംഗ്ലണ്ട്’ മാറ്റാൻ നിർദേശിച്ചത്. തങ്ങളുടെ ബ്രാൻഡ് നെയിം അനധികൃതമായി ഉപയോഗിക്കുന്നെന്ന് കാട്ടി ബ്രാൻഡ് ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് നൽകിയ പരാതിയിലാണ് നടപടി.
ഡൽഹിയിലെ ആദിത്യ ബിർളയുടെ കീഴിലുള്ള ‘പീറ്റർ ഇംഗ്ലണ്ട്’ കടയുടെ തൊട്ടടുത്താണ് ഫ്രണ്ട്സ് എന്ന വസ്ത്രസ്ഥാപനം പീറ്റർ ഇംഗ്ലണ്ടിന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചത്. ഇത് ഒഴിവാക്കാൻ നിർദേശിച്ചിട്ടും ഇവർ തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
1997ൽ ആദിത്യ ബിർള ഗ്രൂപ്പ് അവതരിപ്പിച്ചതാണ് പീറ്റർ ഇംഗ്ലണ്ട് വസ്ത്ര ബ്രാൻഡ്. ഇന്ത്യയിലും വിദേശത്തും ഇവർ ബ്രാൻഡിന് ട്രേഡ് മാർക്കും നേടിയിട്ടുണ്ട്. പീറ്റർ ഇംഗ്ലണ്ട് കൂടാതെ, അലൻ സൊള്ളി, ലൂയി ഫിലിപ്പ്, വാൻഹ്യൂസൻ തുടങ്ങിയ ബ്രാൻഡുകളും ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.