കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ തടയണകള്ക്കൊപ്പം കാട്ടരുവിയും ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ കലക്ടർ തെളിവെടുത്തു. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി.ആര് നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞ് നിര്‍മിച്ച നാലു തടയണകള്‍ പൊളിച്ചുനീക്കാന്‍ ഹൈകോടതി ഉത്തരവിട്ടപ്പോള്‍ മണ്ണിടിച്ച് കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്ന പരാതിയിലാണ് ഹൈകോടതി നിർദേശപ്രകാരം കോഴിക്കോട് കലക്ടര്‍ കക്ഷികളില്‍നിന്ന് തെളിവെടുത്തത്. ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി.വി. രാജന്റെ ഹരജിയില്‍ രണ്ടുമാസത്തിനകം കക്ഷികളെ കേട്ടശേഷം കലക്ടര്‍ നടപടിയെടുക്കണമെന്നാണ് കഴിഞ്ഞ മാര്‍ച്ച് 18ന് ഹൈകോടതി ഉത്തരവിട്ടത്. പരാതിക്കാരന് ടി.വി. രാജന്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താമരശ്ശേരി തഹസില്‍ദാര്‍, കൂടരഞ്ഞി വില്ലേജ് ഓഫിസര്‍, പി.വി.ആര് നാച്വറോ റിസോര്‍ട്ട് പ്രതിനിധി എന്നിവര്‍ക്കാണ് രേഖകള്‍ സഹിതം വിചാരണയില്‍ ഹാജരാകാന്‍ നിർദേശം ലഭിച്ചത്.
അഞ്ചു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിചാരണ നടപടി. ഹൈകോടതി ഡിവിഷന്‍ബെഞ്ച്, റിസോര്‍ട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കാന്‍ 2023 ജനുവരി 31ന് ഉത്തരവിട്ടിരുന്നു. തടയണകള്‍ പൊളിച്ചുനീക്കുന്നതിന്റെ മറവിലാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി തന്നെ മണ്ണിട്ട് മൂടുകയും വെള്ളം ഒഴുകിയിരുന്ന സമീപ സ്ഥലങ്ങൾ നികത്തുകയും ചെയ്തതായി പരാതി ഉയർന്നത്.
തടയണകെട്ടിയ സ്ഥലത്ത് കിണറും കാട്ടരുവി ഒഴുകിയിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഡ്രെയിനേജും നിർമിക്കുകയും ചെയ്തു. റിസോര്‍ട്ടിലേക്ക് നിര്‍മിച്ച റോഡ് പൊളിച്ചുനീക്കാതിരിക്കാനാണ് കാട്ടരുവി കോണ്‍ക്രീറ്റ് ഡ്രെയിനേജിനുള്ളിലാക്കിയതെന്ന് പരാതിക്കാരൻ ടി.വി. രാജൻ ബോധിപ്പിച്ചു.