വാഷിങ്ടൺ:യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള നിർണായക തീരുമാനം പ്രസിഡന്റ് ജോ ബൈഡൻ എടുത്തത് ഒരു മിനിറ്റിലെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
മത്സരത്തിൽ തുടരാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ഡെമോക്രാറ്റുകളിൽ ചിലരും അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുന്നതിന് ശേഷം ശനിയാഴ്ച വരെയുള്ള അദ്ദേഹത്തിന്റെ പ്രചാരണ ഷെഡ്യൂൾ തയ്യാറാക്കിയിരുന്നു.
ഡെലാവെയറിന്റെ കിഴക്കൻ തീരത്തുള്ള ബീച്ച് ഹൗസിൽ അദ്ദേഹം കോവിഡിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം മനസ്സു മാറ്റിയത്. തന്റെ ഏറ്റവും അടുത്ത ഉപദേശകരിൽ ഒരാളായ സ്റ്റീവ് റിച്ചെറ്റി, മുഖ്യ തന്ത്രജ്ഞനായ മൈക്ക് ഡോണിലോൺ, ബൈഡന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആനി ടോമാസിനി, പ്രഥമ വനിത ജിൽ ബൈഡൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻ്റണി ബെർണൽ എന്നിവരുൾപ്പെടെയുള്ള ഒരു ചെറിയ സംഘവുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച രാവിലെ താൻ മത്സരത്തിൽനിന്ന് പിന്മാറുകയാണെന്ന് ബൈഡൻ അന്തിമ തീരുമാനമെടുത്തു. ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റ്സ്, അദ്ദേഹത്തിന്റെ പ്രചാരണ ചെയർ ജെൻ ഒമാലി ഡിലൺ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ വെവ്വേറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ബൈഡൻ പറഞ്ഞതായും ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ബാധിച്ചതും ബൈഡന് വെല്ലുവിളിയായി മാറി.