കൊച്ചി: പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിൽ നൽകിയ പേരുകളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് ഹൈകോടതി. ഇത്തരത്തിൽ പേര് നൽകുന്നത് ചെറിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. മാറിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തങ്ങളും പഠിക്കുകയാണെന്നും ജുഡീഷ്യൽ അക്കാദമിയിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകിയത് ചോദ്യംചെയ്ത് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ പരാമർശമുണ്ടായത്. ഹരജി ജൂലൈ 29ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
തെരഞ്ഞെടുക്കപ്പെട്ട 540 ജനപ്രതിനിധികളടങ്ങിയ പാർലമെന്റ് പാസ്സാക്കിയ നിയമത്തിൽ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇന്ത്യയിലെ 41 ശതമാനം ജനങ്ങൾ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. നിയമത്തിന്റെ പേരുകൾ ഇംഗ്ലീഷ് ഭാഷയിലാകണമെന്നും ഹരജിയിൽ പറയുന്നു.