കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ട വിമാനത്തിലെ 19 യാത്രക്കാരിൽ 18 പേരും മരിച്ചതായി റിപ്പോർട്ട്. പൈലറ്റ് മനീഷ് ഷാക്യ (37) മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. 2003ൽ നിർമിച്ച സൗര്യ എയർലൈൻസിന്റെ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ത്രിഭുവൻ ഇന്റർനാഷനൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കുബർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. കടക്കെണിയിലായ സൗര്യ എയർലൈൻസിനെ 2019ൽ 630 ദശലക്ഷം നേപ്പാൾ രൂപക്കാണ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തത്.
2023 ജനുവരിയിൽ നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് 72 പേർ മരിച്ചിരുന്നു. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്റെ എ.ടി.ആർ-72 ചെറു വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു.