ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി) പ്രവർത്തകർ ആക്രമിക്കുകയാണെന്നാരോപിച്ച് ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രതിഷേധം. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനൊപ്പം ആക്രമണ ഫോട്ടോകളുടെയും വിഡിയോകളുടെയും പ്രദർശനവും നടന്നു.
ആന്ധ്രയിൽ ക്രമസമാധാനം പാടെ തകർന്നെന്നും ടി.ഡി.പി അധികാരത്തിലെത്തി 45 ദിവസത്തിനകം 30 കൊലപാതകങ്ങൾ നടന്നുവെന്നും ജഗൻ ആരോപിച്ചു. ‘ഇന്ന് അവർ അധികാരത്തിലാണ്, നാളെ ഞങ്ങൾ അധികാരത്തിൽ വരാം. ഇന്നലെ ഞങ്ങൾ അധികാരത്തിലുണ്ടായിരുന്നു, പക്ഷേ ഞങ്ങളൊരിക്കലും ഇത്തരം രീതി പ്രചരിപ്പിച്ചിട്ടില്ല. ആക്രമണങ്ങളും സ്വത്തുക്കൾ നശിപ്പിക്കലും ഞങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇന്ന് ആന്ധ്ര പ്രദേശിൽ സ്ഥിതി വ്യത്യസ്തമാണ്. ഞങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. പൊലീസ് കണ്ണടച്ചിരിക്കുകയാണ്’ -ജഗൻ ആരോപിച്ചു.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും ജഗന് പിന്തുണയുമായി ജന്തർ മന്ദറിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കണ്ട് ജഗൻ വിഷയം ശ്രദ്ധയിൽ പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.