ന്യൂഡൽഹി: ‘നീറ്റ്-യു.ജി 2024’ പുനപ്പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഒരുകൂട്ടം ഹരജികൾ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജൂലൈ 18ന് ആണ് കേസ് പരിഗണിക്കുക.
ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കക്ഷികളുടെ സംയുക്ത അഭ്യർത്ഥനയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കാൻ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വാദത്തിൽ തീരുമാനിച്ചിരുന്നു.
ഐ.ഐ.ടി-മദ്രാസ് നടത്തിയ ഡാറ്റാ വിശകലനത്തിൽ വൻതോതിലുള്ള ക്രമക്കേടുകളോ ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യമോ ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിനാൽ പരീക്ഷ റദ്ദാക്കുന്നതിനോടുള്ള വിയോജിപ്പും കേന്ദ്രം രേഖപ്പെടുത്തിയിരുന്നു.
നേരത്തെ, പേപ്പർ ചോർച്ചയുടെ സ്വഭാവം, ചോർച്ച നടന്ന സ്ഥലങ്ങൾ, ചോർച്ചയും പരീക്ഷാ നടത്തിപ്പും തമ്മിലുള്ള സമയക്കുറവ് എന്നിവ സംബന്ധിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് നിർദ്ദേശിച്ചിരുന്നു. അന്വേഷണത്തിന്റെ നിജസ്ഥിതിയും അന്വേഷണത്തിനിടെ ശേഖരിച്ച വസ്തുക്കളും സൂചിപ്പിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.