തിരുവനന്തപുരം: നീറ്റ് -യു.ജി പരീക്ഷ നടത്തിപ്പിലെ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടിയപ്പോഴും പുനഃപരീക്ഷ വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിൽ വിദ്യാർഥികൾക്ക് ആശ്വാസം. കോടതി ഉത്തരവിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഒന്നര മാസത്തിലേറെ നീണ്ട ആശങ്കയാണ് നീങ്ങിയത്. മികച്ച റാങ്ക് നേടി പ്രവേശനം ഉറപ്പാക്കിയവരെല്ലാം കൗൺസലിങ് നടപടികൾ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ച ഉയർന്നതും സി.ബി.ഐ അന്വേഷണത്തിലേക്ക് നീങ്ങിയതും സുപ്രീംകോടതിയുടെ മുന്നിലെത്തുന്നതും. മേയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ 23,33,297 പേരാണ് എഴുതിയത്. ജൂൺ നാലിന് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 13,16,268 പേരാണ് യോഗ്യത നേടിയത്. 67 പേർക്ക് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നൽകിയതുമുതൽ വിവാദം തുടങ്ങി. സമയനഷ്ടമുണ്ടായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതും ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ശരിയാണെന്ന തീരുമാനത്തിൽ മാർക്ക് നൽകിയതും വിവാദമായി. ചില പരീക്ഷാ സെന്ററുകൾ കേന്ദ്രീകരിച്ച് ഉയർന്ന ആരോപണങ്ങളിൽ വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങുകയും ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളിലൊന്നിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കി. സമയനഷ്ടം വന്ന വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കുകയും പ്രത്യേക പുനഃപരീക്ഷ നടത്തുകയും ചെയ്തു. വിവാദം കത്തിയതോടെ സി.ബി.ഐ അന്വേഷണം നടത്താനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ അഴിച്ചുപണിയാനുള്ള തീരുമാനത്തിനും കേന്ദ്രസർക്കാർ നിർബന്ധിതമായി. അപ്പോഴും പുനഃപരീക്ഷ ആവശ്യമില്ലെന്നും കൗൺസലിങ് നടപടികളുമായി മുന്നോട്ടുപോകാനുമായിരുന്നു സർക്കാർ തീരുമാനം. സുപ്രീംകോടതി ഇടപെടലോടെ കൗൺസലിങ് നടപടികൾ മാറ്റിവെക്കേണ്ടിവന്നു. ഇതോടെ വിദ്യാർഥികൾ ഒന്നടങ്കം ആശങ്കയിലായി. 24,06,079 വിദ്യാർഥികളാണ് പരീക്ഷക്കായി അപേക്ഷിച്ചത്. ഇത്രയും പേർക്ക് പുനഃപരീക്ഷ നടത്തുന്നത് വെല്ലുവിളിയുമായിരുന്നു.
പുനഃപരീക്ഷക്ക് ഒരു മാസത്തിലേറെ സമയം വേണ്ടിവരും. ഇതിനു ശേഷം ഫലം പ്രഖ്യാപിച്ച് കൗൺസലിങ് നടപടികളിലേക്ക് കടക്കുമ്പോഴേക്ക് അധ്യയന വർഷത്തിന്റെ നല്ലൊരു സമയം നഷ്ടപ്പെടും. കേരളത്തിൽ ഇത്തവണ 1,44,811 പേർ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുകയും 1,36,974 പേർ എഴുതുകയും 86,681 പേർ യോഗ്യത നേടുകയും ചെയ്തിരുന്നു. നാലു പേരാണ് കേരളത്തിൽനിന്ന് മുഴുവൻ മാർക്കും നേടി ഒന്നാം റാങ്കിലെത്തിയത്.
റാങ്ക് പട്ടികയിൽ വൻമാറ്റം വരും
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ തർക്കമുയർന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയതോടെ റാങ്ക് പട്ടികയിൽ മാറ്റം വരും. നാലു ലക്ഷത്തോളം പേർക്കാണ് അധികമായി നാല് മാർക്ക് ലഭിച്ചതെന്നാണ് സൂചന. മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയതോടെ നാല് മാർക്കിന് പുറമെ, തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റിവ് മാർക്ക് കൂടി ചേർത്ത് അഞ്ച് മാർക്ക് കുറയും. ഇത് റാങ്ക് പട്ടികയിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കും. നേരത്തേ സമയനഷ്ടത്തിന് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കാനും 1563 പേർക്ക് പുനഃപരീക്ഷ നടത്തുകയും ചെയ്തതോടെതന്നെ റാങ്ക് പട്ടിക മാറിയിരുന്നു. ഇതിനു പിന്നാലെ ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകിയ നടപടി കൂടി റദ്ദാക്കിയതോടെ റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ടാകും. സുപ്രീംകോടതി ഉത്തരവോടെ എൻ.ടി.എ പുതുക്കിയ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കണം. ഈ പട്ടിക ലഭിച്ചാൽ മാത്രമേ പ്രത്യേക റാങ്ക് പട്ടിക തയാറാക്കി സംസ്ഥാന ക്വോട്ടയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാൻ കഴിയൂ. ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ റാങ്ക്/ സ്കോർ വിവരങ്ങൾ ആവശ്യപ്പെട്ട് എൻ.ടി.എക്ക് പ്രവേശന പരീക്ഷാ കമീഷണർ കത്ത് നൽകിയിട്ടുണ്ട്.