ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനയെ അട്ടിമറിക്കാനുള്ള ബി.ജെ.പി – ആർ.എസ്.എസ് ശ്രമങ്ങൾക്കുള്ള മറുപടിയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. ശരിയായ സീറ്റ് വിഭജനവും പരസ്പര ധാരണയും ഉണ്ടായിരുന്നെങ്കിൽ ഇൻഡ്യ മുന്നണിക്ക് കൂടുതൽ സീറ്റ് ലഭിക്കുമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളെ മതിയായ രീതിയിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകണം. ഡൽഹിയിൽ മൂന്നുദിവസം നീണ്ട ദേശീയ കൗൺസിൽ യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും തമിഴ്നാട്ടിലും ശക്തി വർധിപ്പിക്കാൻ ബി.ജെ.പി കഠിന ശ്രമം നടത്തുന്നു. ഇതിനായി വ്യാപകമായി പണം വിനിയോഗിക്കുകയും കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയുമാണെന്ന് ഡി. രാജ പറഞ്ഞു. തൃശൂരിൽ കടുത്ത മത്സരമായിരുന്നു. മോദി തന്നെ മൂന്നു തവണ പ്രചാരണത്തിനെത്തി. ബി.ജെ.പി വിജയം പാർട്ടി പരിശോധിക്കും. കേരളത്തിൽ ഇടതു വോട്ടുകൾ ബി.ജെ.പിക്ക് പോയി എന്ന വിലയിരുത്തലോ സംശയമോ സി.പി.ഐക്ക് ഇല്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോ എന്നത് പഠിക്കും.
പാർട്ടി ഒറ്റക്കെട്ടായാണ് ആനി രാജ വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ ബിനോയ് വിശ്വത്തെ പാർട്ടി മുഖപത്രമായ ന്യൂ ഏജിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനും കെ.പി. രാജേന്ദ്രൻ, അരവിന്ദ് രാജ് സ്വരൂപ് എന്നിവരെ ദേശീയ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.