കുവൈത്ത് സിറ്റി: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുബാറക്കിയ മാർക്കറ്റിൽ 17 കടകൾ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചു പൂട്ടി. ഭക്ഷ്യ യോഗ്യമല്ലാത്ത മാംസത്തിന്റെയും വസ്തുക്കളുടെയും വിൽപനയാണ് അടച്ചുപൂട്ടലിന് കാരണം. ലൈസൻസില്ലാതെ പ്രവർത്തിക്കുക,
കേടായ മാംസം വിൽക്കുക, മാംസം സംഭരിക്കുന്നതിന് കെമിക്കൽ ബാഗുകൾ ഉപയോഗിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അടച്ചുപൂട്ടാൻ കാരണമെന്ന് മുബാറക്കിയ സെന്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. പാറ്റകളുടെയും പ്രാണികളുടെയും സാന്നിധ്യം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വ്യക്തി ശുചിത്വം പാലിക്കാതെയുമുള്ള തൊഴിലാളികളെയും ഇവിടെ കണ്ടെത്തി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധനാ കാമ്പയിൻ നടത്തിവരികയാണ്. പൊതുജനങ്ങൾക്ക് പരാതികൾ 1897770 എന്ന ഹോട്ട്ലൈൻ വഴി അറിയിക്കാമെന്നും മുഹമ്മദ് അൽ കന്ദരി വ്യക്തമാക്കി.