കോഴിക്കോട് : നിപ വൈറസ് ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം ജില്ലയിലെത്തി. ഡിസീസ് കണ്ട്രോള് സെൻ്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍(മൃഗസംരക്ഷണവിഭാഗം) ഡോ.ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ് സംഘത്തിലുള്ളത്.
ബുധനാഴ്ച രാവിലെ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ നിപ കണ്ട്രോള് റൂം സന്ദര്‍ശിച്ച ശേഷം കലക്ടര്‍ വി.ആര് വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ഡപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നന്ദകുമാര്‍, ഡോ. റീത്ത, ഡി.എം.ഒ ഡോ. ആർ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, ഡി.പി.എം ഡോ. അനൂപ്, സർവയലൻസ് ഓഫീസർ ഡോ. ഷുബിൻ, ഡി.പി.എം എന്നിവരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു. നിപ ബാധിതനായി മരിച്ച വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. വൈകീട്ട് കളക്ടറേറ്റിൽ നടന്ന നിപ്പ അവലോകനയോഗത്തിലും സംഘാംഗങ്ങൾ പങ്കെടുത്തു.