തമിഴിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് വിമലാ രാമന്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നായികയായും ശ്രദ്ധേയമായ വേഷങ്ങള്‍ നടി ചെയ്തിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വിമലാ രാമന് സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ്….
”നമ്മള് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയാണ്. അപ്പോള്‍ ജോലി ചെയ്യുന്നതിന് അനുസരിച്ച് പണം ലഭിക്കാതെ വരുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ ഇന്റസ്ട്രിയില്‍ പ്രധാനമായും ഇത്തരത്തില്‍ ലോ റെമ്യൂണറേഷന്‍ കൊടുക്കുന്ന പതിവ് കൂടുതലാണ്. പ്രധാനമായും പുരുഷന്മാര്ക്ക് കൂടുതല്‍ തുകയും സ്ത്രീകള്‍ക്ക് കുറവ് തുകയുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ കുറച്ച് കൂടി മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് തോന്നുന്നു.
മറ്റു ഭാഷാ ഇന്റസ്ട്രികളെ താരതമ്യം ചെയ്യുമ്പോള്‍ ലോ റെമ്യൂണറേഷന്‍ ലഭിക്കുന്നത് മലയാളത്തിലാണ്. പക്ഷേ അത് ലോജിക്കലി തെറ്റല്ല. കാരണം ടോളിവുഡിലും കോളിവുഡിലുമെല്ലാം വലിയ ക്യാന്‍വാസിലുള്ള സിനിമകള്‍ വരുന്നുണ്ട്. അതിനനുസരിച്ചുള്ള ബിസിനസാണ് അവര്‍ ചെയ്യുന്നത്.
എന്നാല്‍, മലയാളം പൊതുവേ അത്രയും വലിയ രീതിയില്‍ ചെയ്യാറില്ല. പക്ഷേ മലയാളം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കും. അതാണ് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ഥത നിറഞ്ഞതാണ്.
എനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം എന്തെങ്കിലും പെര്‍ഫോം ചെയ്യാനുള്ളതാണോയെന്ന് നോക്കാറുണ്ട്. പക്ഷേ കരിയറില്‍ ഒരു പ്രശ്നമുണ്ടെങ്കില്‍ അത് കൃത്യമായ ആശയവിനിമയം നടത്താത്തതാണ്. അതായത് എല്ലാവരും കരുതുന്നത് ഞാന്‍ ഇപ്പോഴും ഓസ്ട്രേലിയയില്‍ ആണെന്നാണ്. അതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
സിനിമയില്‍ അനീതി ഞാന്‍ നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു കന്നട സിനിമ ചെയ്തു. പ്രധാന കഥാപാത്രത്തെ ഞാനായിരുന്നു അവതരിപ്പിച്ചത്. അതില്‍ ഞാന്‍ വളരെ നന്നായി ചെയ്തെന്ന് വലിയ രീതിയില്‍ അഭിപ്രായം കേട്ടു. മാത്രമല്ല സിനിമ വന്‍ ഹിറ്റായി. അതിനു ശേഷം അതിന്റെ തെലുങ്ക് റീമേക്ക് എടുത്തിരുന്നു. തെലുങ്കിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിച്ചു.
എന്നാല്‍, മറ്റൊരു വേഷമായിരുന്നു എനിക്ക് തന്നത്. എനിക്കത് ഇഷ്ടമായില്ല. ഞാന്‍ കന്നടയില്‍ ചെയ്ത് ഹിറ്റാക്കിയ വേഷം എന്തുകൊണ്ട് തെലുങ്കില്‍ എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ചോദിച്ചു. തെലുങ്കില്‍ ആ നടിക്കാണ് മാര്‍ക്കറ്റ് വാല്യൂ ഉള്ളതെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഭരതനാട്യം അറിയില്ല, ഈ കഥാപാത്രത്തിന് ഭരതനാട്യം കളിക്കാനുണ്ട്.
അങ്ങനെ ആ സിനിമ നേരത്തെ പറഞ്ഞ നടി തന്നെ ചെയ്തു. എന്നാല്‍ അവര്‍ നന്നായി ചെയ്തില്ലെന്നാണ് എനിക്കു തോന്നിയത്. ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശരിയായ ആളുകള്‍ വേണം. അത്തരത്തില്‍ തെറ്റായ ആളുകള്‍ വന്നാല്‍ തീര്‍ച്ചയായും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സാധിക്കില്ല, പ്രേക്ഷകരെ പറ്റിക്കാനാകില്ല…”