മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വാഹനമോടിച്ചെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായി ചാറ്റൽമഴ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് പർവതനിരകളിലടക്കം മൂടൽമഞ്ഞിന് ഇടയാക്കുന്നത്. മഴയും മൂടല്‍ മഞ്ഞും പൊടിപടലങ്ങളും കാരണം ദൃശ്യപരത കുറഞ്ഞതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മൂടല്‍ മഞ്ഞുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷാ നിര്‍ദേശങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും രംഗത്തുണ്ട്. ഖരീഫ് സഞ്ചാരികളില്‍ അധികപേരും ദോഫാറിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 75.1 ശതമാനം സഞ്ചാരികളും റോഡ് മാര്‍ഗമായിരുന്നു എത്തിയിരുന്നത്. 2019ല്‍ 610,491ഉം 2022ല്‍ 647,301 ആണ് ഇത് യഥാക്രമം. ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോഴും തയാറാക്കുമ്പോഴും മികച്ച മുന്നൊരുക്കം വേണമെന്ന് റോഡ് സുരക്ഷ മേഖലയിലുള്ളവർ പറയുന്നു.
പാതയോരത്തെ വിശ്രമകേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് യാത്രയുടെ റൂട്ട് പഠിക്കേണ്ടത് ആവശ്യമാണ്. കൂടാതെ, എമർജൻസി നമ്പറുകളും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ സ്ഥാനങ്ങളും ദോഫാർ ഗവർണറേറ്റിലേക്കുള്ള വഴിയിൽ വ്യാപിച്ചുകിടക്കുന്ന ആംബുലൻസ് പോയന്റുകളും അറിഞ്ഞിരിക്കണം.