ദുബൈ: സിലിക്കൺ ഒയാസിസിന് പിന്നാലെ, ദുബൈയിലെ സുസ്ഥിര നഗരങ്ങളിലേക്കും ഡെലിവറി റോബോട്ടുകളുടെ സേവനം വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം മുതൽ മൂന്ന് റോബോട്ടുകൾ സുസ്ഥിര നഗരത്തിൽ പ്രവർത്തനം തുടങ്ങും. ദുബൈ ഫ്യൂച്ചർ ലാബ്സും ലൈവ് ഗ്ലോബലും സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്.
പൂർണമായും കാൽനടയാത്രയും കാർ രഹിത പാർപ്പിട ക്ലസ്റ്ററുകളും ഉൾക്കൊള്ളുന്നതാണ് സുസ്ഥിര നഗരത്തിന്റെ രൂപകൽപന. ഇത് റോബോട്ടുകളുടെ പ്രവർത്തനത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
ഇവിടങ്ങളിൽ ഡെലിവറി സേവനങ്ങൾ എളുപ്പവും വേഗമേറിയതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ദുബൈ ഫ്യൂച്ചർ ലാബ്സ് രൂപകൽപന ചെയ്ത റോബോട്ടുകളിൽ ലൈവ് ഗ്ലോബലിന്റെ സ്മാർട്ട് സംവിധാനമാണ് ഉപയോഗിക്കുന്നത്.
30 മിനിറ്റിനകം ഡെലിവറി ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിലാണ് റോബോട്ടുകളുടെ രൂപകൽപനയെന്ന് ദുബൈ ഫ്യൂച്ചർ ലാബ്സ് ഡയറക്ടർ ഖലീഫ അൽ ഖാമ പറഞ്ഞു. സുരക്ഷിതമായും സ്വതന്ത്രമായും നടപ്പാതകൾ തിരിച്ചറിഞ്ഞ് യാത്ര ചെയ്യാൻ റോബോട്ടുകൾക്ക് കഴിയും. ആവശ്യമെങ്കിൽ മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ തന്നെ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ റോബോട്ടിക്സ് ആൻഡ് ഓട്ടോമോഷൻ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2022 സെപ്റ്റംബറിലാണ് ദുബൈ റോബോട്ടിക്സ് ആൻഡ് ഓട്ടോമോഷൻ പ്രോഗ്രാം പ്രഖ്യാപിച്ചത്.
നിരവധി നൂതന സവിശേഷതകളുള്ള റോബോട്ടുകൾ വികസിപ്പിച്ചത് പൂർണമായും പ്രാദേശികമായാണ്. ട്രാക്കിങ് സംവിധാനത്തോട് കൂടിയ യാത്ര നിയന്ത്രണ സംവിധാനം, ഉപഭോക്താവിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിതമായ ഡെലിവറി കമ്പാർട്ട്മെന്റ്, ബാക്കൻഡ് ഓർഡർ സംവിധാനം, മികച്ച ഡെലിവറി സിസ്റ്റം തുടങ്ങിയ സവിശേഷമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് സ്വയം നിയന്ത്രിത റോബോട്ടുകൾ.
2030 ഓടെ ഡെലിവറി സേവനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രണ റോബോട്ടുകളിലേക്ക് മാറ്റുകയെന്നതാണ് ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ ലക്ഷ്യം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ കഴിയുന്ന രീതിയിലാണ് ദുബൈ സുസ്ഥിര നഗരങ്ങളുടെ രൂപകൽപന.