മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച നടനായ അന്തരിച്ച ദിലീപ് കുമാറിന്റെ ബാന്ദ്രയിലെ ബംഗ്ലാവ് നിലനിന്നിരുന്ന കെട്ടിടത്തിലെ ഒരു ട്രിപ്പിൾ അപ്പാർട്ട്മെന്റ് 155 കോടി രൂപക്ക് വിറ്റതായി റിപ്പോർട്ട്.
ബാന്ദ്രയിലെ 9,527.21 ചതുരശ്ര അടി വിസ്തൃതിയുള്ള ട്രിപ്പിൾ അപ്പാർട്ട്മെന്റ് 155 കോടി രൂപയ്ക്ക് ആപ്കോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് വിറ്റത്. നേരത്തെ ദിലീപ് കുമാറിന്റെ ബംഗ്ലാവ് ഉണ്ടായിരുന്ന ആഡംബര അപ്പാർട്ട്മെൻ്റിന്റെ ഭാഗമാണിത്. 2023ലാണ് ബംഗ്ലാവ് അപ്പാർട്ട്മെന്റായി മാറിയത്.
ഇടപാടിന് 9.30 കോടി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസ് 30,000 രൂപയുമാണെന്ന് രേഖകൾ പറയുന്നു. ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന പാലി ഹിൽ പ്ലോട്ടിൽ ഒരു ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കാൻ ദിലീപ് കുമാറിന്റെ കുടുംബം റിയൽറ്റി ഡെവലപ്പർ അഷർ ഗ്രൂപ്പുമായി കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു.
റെസിഡൻഷ്യൽ പ്രോജക്ടിന് പുറമെ ദിലീപ് കുമാറിന്റെ ജീവിതവും സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന ഒരു മ്യൂസിയവും സ്ഥാപിക്കും.