ആലപ്പുഴ: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ട് കൊടുത്ത വാർത്താ ചാനലിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. 62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിക്കെതിരെ പറയാൻ താൻ മണ്ടനാണോ എന്ന് സുധാകരൻ ചോദിച്ചു. സ്വന്തം പാർട്ടിയെ കുറിച്ച് ഒരിക്കലും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഏഴ് വാർത്താ ചാനലുകൾ അഭിമുഖത്തിനായി വന്നു. തന്നെ സമീപിച്ച 14 ഓൺലൈൻ ചാനലുകൾക്ക് അഭിമുഖം നൽകിയില്ല. പറയുന്നതല്ല ഓൺലൈൻ ചാനലുകൾ നൽകുന്നത്. ഒരു വാർത്താ ചാനലിന്റെ ഉടമയെ വിശ്വസിച്ച് ചാനൽ പ്രതിനിധിക്ക് അഭിമുഖം നൽകി. പറയാത്ത കാര്യങ്ങൾ തലക്കെട്ടായി നൽകരുതെന്ന് പറഞ്ഞിരുന്നു. പ്രിന്റ് മീഡിയ ആണെങ്കിൽ പേടിക്കേണ്ട.
പണമുണ്ടാക്കാൻ പറയാത്ത കാര്യങ്ങൾ തലക്കെട്ടാക്കും. പണത്തിന് വേണ്ടിയാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനെക്കാളും നല്ലത് കള്ളനോട്ട് അടിച്ച് ജീവിക്കുന്നതാണ്. കേസരി ബാലകൃഷ്ണപിള്ളയുടെയും കെ. സുകുമാരന്റെയും കെ.പി. കേശവമേനോന്റെയും മാമ്മൻ മാപ്പിളുടെയും പി. ഗോവിന്ദപിള്ളയുടെയും കാമ്പിശ്ശേരി കരുണാകരന്റെയും നാടല്ലേ ഇത്. താൻ പറയാത്ത കാര്യങ്ങൾ തലക്കെട്ടിൽ കാണിച്ച് എല്ലാം കുളമായി.
പിണറായി വിജയനും ജി. സുധാകരനും തമ്മിൽ പണ്ടത്തെ പോലുള്ള അടുപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരാൾ തിരുവനന്തപുരത്താണെന്ന അകൽച്ചയുണ്ടെന്ന് മറുപടി നൽകി. താൻ മന്ത്രിയായിരുന്നപ്പോൾ മന്ത്രി മന്ദിരവും ക്ലിഫ് ഹൗസും അടുത്തായിരുന്നു. എന്നാൽ, ‘പിണറായി വിജയനുമായി മാനസിക അടുപ്പമില്ല- ജി. സുധാകരനെ’ന്നാണ് ചാനൽ തലക്കെട്ട് നൽകിയത്. ഇത് കാണുന്ന ലക്ഷകണക്കിന് പേർ എന്താണ് കരുതുന്നത്. കുളമാക്കാനാണ് ശ്രമിച്ചത്.
കൈക്കൂലി വാങ്ങിക്കാതെ, വൃത്തിക്കേട് കാണിക്കാതെ കിട്ടുന്ന അവസരത്തിൽ രണ്ട് നല്ല കാര്യങ്ങൾ പറയുന്ന ആളിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അഴിമതിക്കാർ മാത്രം മതിയെന്നാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. പറയാത്ത കാര്യങ്ങൾ ചെയ്യരുത്. 62 വർഷമായി പ്രവർത്തിക്കുന്ന തന്റെ പാർട്ടിക്കെതിരെ പറയാൻ താൻ മണ്ടനാണോ?. സ്വന്തം പാർട്ടിയെ കുറിച്ച് ഒരിക്കലും പറയില്ല. പ്രാദേശിക പൊളിറ്റിക്കൽ ക്രിമിനലുകളുമായി ആലോചിച്ച് അവർ ചെയ്തതാണിത്.
എന്താണ് പറയുന്നതെന്ന് ജനങ്ങളെ അറിയിക്കുക. പറയാത്തത് കൊടുത്താൽ മാധ്യമങ്ങൾ അബദ്ധത്തിൽപ്പെടും. പാർട്ടിയെ പറ്റി മോശമായി പറഞ്ഞ ചരിത്രമില്ല. ഒരാളുടെ 62 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തെ ചോദ്യം ചെയ്യരുത്. ഒരു പ്രസ്ഥാനത്തിന് വേണ്ടി സെൻട്രൽ ജയിലിൽ കിടന്നും മർദനമേറ്റും വിദ്യാഭ്യാസം കളഞ്ഞും പ്രവർത്തിച്ചയാളെ പറ്റി അനാവശ്യമായി പറയാമോ?. തന്തയില്ലാത്തവനേ ഇത്തരത്തിൽ പറയുകയുള്ളൂ.
ദരിദ്ര കൃഷിക്കാരനായ പി. ഗോപാലക്കുറിപ്പിന്റെ മകനാണ് ഞാൻ. കുട്ടനാടൻ കർഷക തൊഴിലാളികളെ പോലെ കറുത്ത മനുഷ്യൻ. എന്റെ അമ്മ നല്ല പോലെ വെളുത്ത് സുന്ദരിയായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ചെറിയ വെളുപ്പ് നിറം കിട്ടി. എന്നാൽ, എനിക്ക് നിറം കിട്ടിയതുമില്ല. ഓണാട്ടുകരയിലെ സഖാക്കളോട് ചോദിച്ചാൽ അവർ പറയും. ഞങ്ങൾ കുടുംബത്തെയോ പിതാക്കന്മാരെയോ മറക്കത്തില്ല’ -ജി. സുധാകരൻ വ്യക്തമാക്കി.