മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ എൻ.സി.പി അജിത് പവാർ വിഭാഗത്തിലെ നാല് നേതാക്കൾ പാർട്ടി വിട്ടു. ഇവർ ഈ ആഴ്ചതന്നെ ശരദ് പവാർ വിഭാഗത്തോടൊപ്പം ചേരുമെന്നാണ് വിവരം. പിംപ്രി-ചിഞ്ച്വാഡ് യൂണിറ്റ് പ്രസിഡന്റ് അജിത് ഗവ്ഹാൻ, വിദ്യാർഥി സംഘടനാ നേതാവ് യഷ് സനേ, പാർട്ടി നേതാക്കളായ രാഹുൽ ഭോസലെ, പങ്കജ് ഭലേകർ എന്നിവരാണ് പാർട്ടി വിട്ടത്.
ചില നേതാക്കൾ ശരദ് പവാറിനൊപ്പം പോകാൻ താൽപര്യപ്പെടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നാലു പേർ രാജിവെച്ചത്. പാർട്ടിയെ തകർക്കാൻ ശ്രമിച്ചവരെ തിരികെ പ്രവേശിക്കാൻ അനുമതി നൽകില്ലെന്നും എന്നാൽ പ്രതിഛായക്ക് കളങ്കമേൽപ്പിക്കാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നും ശരദ് പവാർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷമാണ് എൻ.സി.പി പിളർത്തി അജിത് പവാർ വിഭാഗം ഭരണകക്ഷിയായ മഹായുതി സഖ്യത്തോടൊപ്പം ചേർന്നത്. ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന സർക്കാറിൽ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ പാർട്ടിക്ക് റായ്ഗഡ് സീറ്റ് മാത്രമാണ് നേടാനായത്. എന്നാൽ ശരദ് പവാർ വിഭാഗം എട്ട് സീറ്റുകൾ സ്വന്തമാക്കി. ഇതോടെ വീണ്ടും പാർട്ടിക്കുള്ളിൽ അസ്വസ്ഥത ഉയരുകയായിരുന്നു.