മനാമ: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന അബ്ദുറഹ്മാൻ തുമ്പോളിക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.
മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. തണലിന്റെ തുടക്കകാലം മുതൽ തന്നെ തണലിനോടൊപ്പം സഞ്ചരിച്ച അബ്ദു റഹ്മാൻ നന്മകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ നിസ്വാർഥ സേവകനാണെന്ന് ആശംസയർപ്പിച്ചു സംസാരിച്ചവർ പറഞ്ഞു.
പ്രതിഫലേച്ഛ കൂടാതെ കർമങ്ങൾ ചെയ്യുന്ന അദ്ദേഹത്തെ പോലുള്ളവരുടെ സേവനം ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് തികച്ചും അത്യന്താപേക്ഷിതമാണെന്ന് ആശംസകർ കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ സാമൂഹിക രംഗത്തെ പ്രവർത്തകരെയും പ്രവർത്തനത്തെയും താൻ എന്നെന്നും ഓർക്കുമെന്ന് തന്റെ മറുപടി പ്രസംഗത്തിൽ അബ്ദുറഹ്മാൻ അടിവരയിട്ടു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതവും ജോ.ട്രഷറർ റഷീദ് മാഹി നന്ദിയും പറഞ്ഞു.