ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ ഇലക്ട്രിക് ബസ് മെട്രോ തൂണിൽ ഇടിച്ച് 45 കാരിയായ സ്ത്രീ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് റോഹ്തക് റോഡിലെ ശിവാജി പാർക്ക് മെട്രോ സ്റ്റേഷനു സമീപമാണ് അപകടത്തിൽ പെട്ടത്.
പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിൽ രാവിലെ 7.42നാണ് അപകടത്തെപറ്റി വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) വിചിത്ര വീർ പറഞ്ഞു. മംഗോൾപുരിക്കും ആനന്ദ് വിഹാറിനും ഇടയിൽ ഓടുന്ന ബസ് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി.സി.പി പറഞ്ഞു. പരിക്കേറ്റ 23 പേരിൽ 14 പേരെ മഹാരാജ അഗ്രസെൻ ആശുപത്രിയിലും ബാക്കിയുള്ളവരെ മോത്തി നഗറിലെ ആചാര്യ ഭിക്ഷു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നിൽ നിന്ന് ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.