മലപ്പുറം: ഫിലിം സൊസൈറ്റികളുടെ ദേശീയസംഘടനയായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ‘സൈന്‍സ്’ ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്രമേള മലപ്പുറം തിരൂരിൽ നടക്കും.
മേളയുടെ 17ാമത് എഡിഷനാണ് തിരൂര്‍ മലയാളം സര്‍വകലാശാല കാമ്പസില്‍ നടക്കാന്‍ പോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മേള നടന്നത് തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു.
ദേശീയ തലത്തിൽ തന്നെ ഡിജിറ്റല്‍ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്ന മേളകളിൽ സുപ്രധാനമായ ഒന്നാണ് സൈൻസ്. മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, സിനിമ എക്സ്പിരിമെന്റ്, ഫിലിം ഓഫ് റെസിസ്റ്റൻസ് എന്നീ ദേശീയ പുരസ്കാരങ്ങൾക്കൊപ്പം മികച്ച മലയാള ചിത്രത്തിന് എഫ്.എഫ്.എസ്.ഐ പുരസ്കാരവും നൽകും.
50000വും പ്രശസ്തിപത്രവും പ്രശസ്തചിത്രകാരനും ശില്പിയുമായിരുന്ന സി.എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് ജോൺ ഏബ്രഹാം പുരസ്കാരം.
മത്സരവിഭാഗത്തില്‍ 26 ഡോക്യുമെന്ററികളും 18 ഹ്രസ്വചലച്ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫോക്കസ് എന്ന മത്സരേതര വിഭാഗത്തില്‍ 16 ഡോക്യുമെന്ററികളും 30 ഹ്രസ്വചലച്ചിത്രങ്ങളും ഉള്‍പ്പെടുന്നു. വിവിധ ഭാഷകളില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട 275 ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ ചിത്രങ്ങള്‍.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് കൊറിയ ഫൗണ്ടേഷന് ഓരോ വര്‍ഷവും നടത്തുന്ന നഗരി ചലച്ചിത്രമേളയില്‍ നിന്ന് തെരഞ്ഞെടുത്ത 19 ചിത്രങ്ങളുടെ പാക്കേജും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ പ്രേമേന്ദ്ര മജുംദാര്‍ ക്യുറേറ്റ് ചെയ്ത 10 അന്തര്‍ദേശീയ ചിത്രങ്ങളുടെ പാക്കേജും പ്രഗത്ഭ ഡോക്യുമെന്ററി സംവിധായകനും ക്യുറേറ്ററുമായ ആര്.പി അമുതന് ക്യുറേറ്റ് ചെയ്ത സംഗീതം ആധാരമാക്കിയ നാല് ചിത്രങ്ങളുടെ പാക്കേജും മേളയുടെ ഭാഗമാണ്.
ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) കേരള റീജിയണ്‍ വൈസ് പ്രസിഡന്റും പ്രമുഖ പ്രസാധകനും സാംസ്കാരിക-ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ചെലവൂര്‍ വേണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തെ പറ്റി ജയന് മാങ്ങാട് സംവിധാനം ചെയ്ത ചെലവൂര്‍ വേണു – ജീവിതം, കാലം എന്ന ഡോക്യുമെന്ററി ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മേളയുടെ ജൂറി അംഗങ്ങളായ പ്രശസ്ത ഛായാഗ്രാഹകന്‍ സണ്ണി ജോസഫും സംവിധായിക വിധു വിന്‍സന്റും സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ആനന്ദ് പട്വര്ധന് സംവിധാനം ചെയ്ത് റീസണ്‍ എന്ന ചിത്രം മേളയുടെ ഉദ്ഘാടന ചിത്രം ആയിരിക്കും. അദ്ദേഹം തന്നെ മേള ഉദ്ഘാടനം ചെയ്യും.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ടി.വി ചന്ദ്രന്, ചലച്ചിത്രസംവിധായകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, മന്ത്രിമാരായ വി.അബ്ദുറഹ്മാന്, ഡോ. ആര് ബിന്ദു, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ മേളയുടെ വിവിധ ദിവസങ്ങളില്‍ എത്തിച്ചേരും. മേളയുടെ ഭാഗമായി റാപ് മ്യൂസിക്, തുഞ്ചത്ത്എഴുത്തഛന്‍ മലയാള സർവകലാശാല വിദ്യാര്‍ഥികളുടെ പ്രോഗ്രാം തുടങ്ങിയവ അരങ്ങേറും.