ന്യൂഡൽഹി: യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പൊതുപരിപാടികളിൽ പങ്കെടുക്കുന്ന വി.വി.ഐ.പികളുടെ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര സർക്കാർ. സുരക്ഷാഭീഷണിയുള്ള വി.വി.ഐ.പികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അർധസൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൗതിക സാഹചര്യങ്ങളിലെ സുരക്ഷ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള നിരീക്ഷണം, മോക്ക് ഡ്രിൽ അടക്കമുള്ള പരിശീലനങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷ വർധിപ്പിക്കാനാണ് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ഉത്തരവ്. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എൻ.എസ്.ജി തുടങ്ങിയവയുടെ ചുമതല വഹിക്കുന്നവർക്കും സംസ്ഥാന ഇന്റലിജൻസ് ബ്യൂറോക്കും കഴിഞ്ഞയാഴ്ചയാണ് നിർദേശം ലഭിച്ചത്.
ജൂലൈ 14ന് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്, 2022ൽ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കു നേരെയുണ്ടായ ആക്രമണം, പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്, ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെൻഷ്യോ, സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ തുടങ്ങിയവർക്കു നേരെയുണ്ടായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം.