ഗുവാഹതി: അസമിലെ കാർഷിക വികസന ഓഫിസർമാരുടെ (എ.ഡി.ഒ) നിയമനവുമായി ബന്ധപ്പെട്ട് ജോലിക്ക് കോഴ വാങ്ങിയ കേസിൽ അസം പബ്ലിക് സർവിസ് കമീഷൻ മുൻ ചെയർമാൻ രാകേഷ് കുമാർ പോൾ ഉൾപ്പെടെ 31 പേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ മറ്റ് 11 പേരെ സ്പെഷൽ ജഡ്ജി ദിപങ്കർ താക്കൂരിയ വെറുതെവിട്ടു.
കോഴ വാങ്ങി മറ്റൊരു ഉദ്യോഗാർഥിക്ക് മാർക്ക് വർധിപ്പിച്ച് നൽകിയെന്നാരോപിച്ച് ജോലിക്ക് യോഗ്യത നേടാത്ത ഒരു ഉദ്യോഗാർഥിയാണ് പരാതി നൽകിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി.