ജിദ്ദ: ജിദ്ദ സീസണിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യ-സൗദി കലാ സാംസ്കാരികോത്സവം വെള്ളിയാഴ്ച അരങ്ങേറും. ‘ഇന്ത്യൻ ആൻഡ് സൗദി നൈറ്റ്’ എന്ന പേരിൽ ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇരു രാജ്യങ്ങളിൽനിന്നുള്ള പ്രശസ്തരായ കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
ജിദ്ദ ഇക്വിസ്ട്രിയൻ ക്ലബിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത റാപ്പ് ഗായകൻ ഡെബ്സി, മറ്റു ഗായകരായ നിഖിത ഗാന്ധി, സൽമാൻ അലി എന്നിവർ ഒരുക്കുന്ന സംഗീതപ്പെരുമഴയും സഞ്ജിത്ത് ഡാൻസ് ക്രൂ ഒരുക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.
പ്രമുഖ ബോളിവുഡ് നടി ഗൗഹർ അലി ഖാൻ പരിപാടിയിൽ മുഖ്യാതിഥിയായും പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പരിപാടികൾക്ക് പുറമെ പ്രമുഖ സൗദി കലാകാരന്മാരായ സുലൈമാൻ ഖുറൈശി, അൽ ബുഹാറ തുടങ്ങിയവരും വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. www.webook.com ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും വിവിധ ഔട്ട്ലെറ്റുകളിലൂടെയുമാണ് പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.
വാറ്റുൾപ്പെടെ 35 റിയാൽ, 99 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 99 റിയാൽ ടിക്കറ്റെടുക്കുന്നവർക്ക് മാത്രമായിരിക്കും സീറ്റിലിരുന്ന് പരിപാടി ആസ്വദിക്കാനുള്ള അവസരം. 35 റിയാൽ ടിക്കറ്റിന് സീറ്റ് ഉണ്ടാവില്ല. 12 വയസിന് താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ടതില്ല. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വിസ്ട്രിയൻ ക്ലബിലേക്ക് സൗജന്യ ബസ് സർവിസുകൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ, പാകിസ്താൻ, ബഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങി വിവിധ രാജ്യങ്ങളുടെ പരിപാടികളും തുടർന്നുള്ള ആഴ്ചകളിൽ ഇതേ വേദിയിൽ അരങ്ങേറും.