നമ്മുടെ ധീര ജവാന്മാരുടെ പോരാട്ടവീര്യം ഹിമാലയത്തോളം ഉയരത്തിലെത്തിയ ഐതിഹാസികമായ കാർഗിൽ യുദ്ധത്തിന്റെ വിജയസ്മരണക്ക് അരനൂറ്റാണ്ട്. ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കാൻ പാക് സൈനിക ജനറൽമാരുടെ ബുദ്ധിയിലുദിച്ച അപകടകരമായ ആശയത്തെ അടപടലം തകർത്ത് അതിർത്തിമലകൾ സുരക്ഷിതമാക്കി പാകിസ്താന് വീണ്ടുമൊരു പരാജയം സമ്മാനിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു. രണ്ട് മാസം നീണ്ട ഓപറേഷൻ വിജയ് യുദ്ധത്തിനൊടുവിൽ തോൽവിയുടെ അപമാനമേറ്റ് പാക് സൈന്യം പിൻവാങ്ങിയപ്പോൾ കാർഗിൽ വിജയമെന്ന പുതിയൊരു യുദ്ധചരിത്രം കുറിക്കുകയായിരുന്നു ഇന്ത്യ. മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
ഓപറേഷൻ വിജയ് വഴി
1999ൽ മേയ് എട്ടുമുതൽ ജൂലൈ 26 വരെ കശ്മീർ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണരേഖയിലുമായി നടന്നതാണ് ഐതിഹാസികമായ കാർഗിൽ യുദ്ധം. ഓപറേഷൻ വിജയ് എന്ന ധീരോദാത്ത ദൗത്യത്തിലൂടെ ഇന്ത്യൻ സേന പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ടൈഗർ കുന്നുകൾ അടക്കം പിടിച്ചെടുത്തു.
1999 മേയ് 3
കാർഗിലിലെ പ്രാദേശിക ആട്ടിടയന്മാർ ഈ മേഖലയിൽ നുഴഞ്ഞുകയറിയ പാകിസ്താൻ സൈനികരെയും ഭീകരരെയും കുറിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്നു.
1999 മേയ് 5
കാർഗിൽ പ്രദേശത്ത് പട്രോളിങ്ങിനയച്ച അഞ്ച് ജവാന്മാരെ പാക് സൈന്യം പിടികൂടി വധിച്ചു. കാർഗിലിൽ ഇന്ത്യൻ സേനയുടെ ആയുധശേഖരം നശിപ്പിക്കുകയും ചെയ്തു.
1999 മേയ് 10 – മേയ് 25
പാക് നുഴഞ്ഞുകയറ്റം ഇന്ത്യ സ്ഥിരീകരിക്കുന്നു. കൂടുതൽ നുഴഞ്ഞുകയറ്റങ്ങൾ കണ്ടെത്തുന്നതിന് കൂടുതൽ സേനയെ തന്ത്രപരമായി വിന്യസിക്കാൻ ഇന്ത്യ തീരുമാനിക്കുന്നു. പാക് സൈന്യം കൈയടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈന്യം ‘ഓപറേഷൻ വിജയ്’ ആരംഭിക്കുന്നു.
1999 മേയ് 26
ഇന്ത്യൻ വ്യോമസേന ഓപറേഷൻ സഫേദ് സാഗർ ആരംഭിച്ച് മേഖലയിൽ വ്യോമാക്രമണം തുടങ്ങി.
1999 മേയ് 27 – മേയ് 28
ഇന്ത്യയുടെ മിഗ്-21, മിഗ്-27, എം.ഐ-17 എന്നീ മൂന്ന് വ്യോമസേനാ വിമാനങ്ങൾ പാക് സേന വെടിവെച്ചിട്ടു. നാല് എയർഫോഴ്സ് സേനാംഗങ്ങൾക്ക് വീരമൃത്യു. എൻജിൻ തകരാറിനെ തുടർന്ന് തീപിടിച്ച് നിലംപതിച്ച വിമാനത്തിൽനിന്ന് ഗ്രൂപ് ക്യാപ്റ്റൻ ലെഫ്റ്റനന്റ് കമ്പംപാട്ടി നചികേതയെ പാക് സൈന്യം പിടികൂടി.
1999 മേയ് 31
പാകിസ്താനുമായി യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു.
1999 ജൂൺ 1-ജൂൺ 5
കശ്മീരിലെയും ലഡാക്കിലെയും ദേശീയപാത-1ൽ പാക് ഷെല്ലാക്രമണം. സംഘർഷത്തിൽ പാകിസ്താന്റെ നേരിട്ടുള്ള പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന മൂന്ന് പാക് സൈനികരിൽനിന്ന് കണ്ടെടുത്ത രേഖകൾ ഇന്ത്യ പുറത്തുവിട്ടു.
1999 ജൂൺ 9
ബതാലിക് സെക്ടറിലെ രണ്ട് സുപ്രധാന സ്ഥാനങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.
1999 ജൂൺ 10-11
നുഴഞ്ഞുകയറ്റത്തിൽ പാക് സൈന്യത്തിന്റെ പങ്കിന് തെളിവായി പാക് സൈനിക മേധാവി പർവേശ് മുഷർറഫും സൈനിക ജനറൽ ലെഫ്റ്റനൻറ് ജനറൽ അസീസ് ഖാനും തമ്മിലുള്ള സംഭാഷണം ഇന്ത്യ പുറത്തുവിട്ടു.
1999 ജൂൺ 13
ഇന്ത്യൻ സൈന്യം ടോലോലിങ് കുന്നുകൾ തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കാർഗിൽ സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്തു.
1999 ജൂൺ 15
കാർഗിലിൽനിന്ന് മുഴുവൻ പാക് സൈനികരെയും മറ്റ് സേനാ വിഭാഗങ്ങളെയും അടിയന്തരമായി പിൻവലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനോട് ആവശ്യപ്പെട്ടു.
1999 ജൂലൈ 4
11 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചുപിടിച്ചു. ബതാലിക് മേഖലയിൽനിന്ന് പാകിസ്താൻ സൈന്യം പിൻവാങ്ങി.
1999 ജൂലൈ 5
കാർഗിലിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാക് നിയന്ത്രണത്തിലായിരുന്ന ലഡാക്ക് മേഖലയിലെ ചെറു പട്ടണമായ ദ്രാസിന്റെ നിയന്ത്രണം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു.
1999 ജൂലൈ 12
പാകിസ്താൻ സൈന്യം കാർഗിലിൽ നിന്ന് പിൻവാങ്ങൽ പൂർത്തിയാക്കി. ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് നവാസ് ശരീഫിന്റെ ടെലിവിഷൻ പ്രസംഗം.
1999 ജൂലൈ 14
ഓപറേഷൻ വിജയ് വിജയമായതായി പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ചു. പാകിസ്താനുമായി ചർച്ചക്ക് സർക്കാർ വ്യവസ്ഥകൾ ഏർപ്പെടുത്തി.
1999 ജൂലൈ 26
കാർഗിൽ യുദ്ധം അവസാനിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കാർഗിലിൽ വീരമൃത്യുവരിച്ച മലയാളി ജവാന്മാർ
ക്യാപ്റ്റൻ ജെറി പ്രേംരാജ്, ലാൻസ് നായിക് സജി കുമാർ, ലഫ്റ്റനന്റ് കേണൽ ആർ. വിശ്വനാഥൻ, 141 ഫീൽഡ് റെജിമെന്റിലെ ക്യാപ്റ്റൻ പി.വി. വിക്രം, നാലാം ഫീല്ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള, പതിനെട്ടാം ഗഡ്വാള് റൈഫില്സിലെ ക്യാപ്റ്റന് എം.വി. സൂരജ്, 11ാം രാജ്പുത്താനാ റൈഫിൾസിലെ ക്യാപ്റ്റൻ ഹനീഫുദീൻ, ലാൻസ് നായിക് വി.എം. രാധാകുമാർ, ലാൻസ് നായിക് ജോസ് ജയിംസ്, ലാൻസ് നായിക് കെ. അജികുമാർ, റൈഫിൾമാൻ അബ്ദുൽനാസർ, ഹവിൽദാർ ശിവകുമാർ, സുബേദാർ മോഹൻദാസ്.
ഇതിൽ എം.വി. സൂരജ്, ലഫ്റ്റനന്റ് കേണല് ആര്. വിശ്വനാഥൻ, ക്യാപ്റ്റന് ആര്.ജെറി പ്രേംരാജ്, സജീവ് ഗോപാലപിള്ള എന്നിവർക്ക് മരണാനന്തര ബഹുമതിയായി വീരചക്രം. ക്യാപ്റ്റന് സാജു ചെറിയാൻ, പി.വി.വിക്രം ധീരതയ്ക്കുള്ള സേനാ മെഡല്.