ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ആമേൻ എന്ന ചിത്രത്തിൽ വിഷക്കോൽ പാപ്പിയായി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ജയശങ്കർ കാരിമുട്ടം. നാടൻ കഥാപാത്രമായാലും ക്യാരക്ടർ റോളായാലും ജയശങ്കറിന്റെ കൈകളിൽ ഭദ്രമാണെന്ന് പലകുറി താരം തെളിയിച്ചതാണ്. ഇപ്പോഴിതാ ജയശങ്കറിനെ നായകനാക്കി പുതിയ ചിത്രം വരുന്നു. മറുവശം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തിൽ ജയശങ്കറിന് പുറമെ ഷെഹിന് സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശ്രീജിത്ത് രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ, ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്, റോയ് തുടങ്ങിയവരാണ് താരങ്ങൾ. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം.
‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. ഭ്രമരം, പളുങ്ക്, ആമേന്‍, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ജയശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ നാടകരംഗത്ത് സജീവമായ ജയശങ്കർ സിനിമയിലെത്തി ഏറെ വൈകിയാണെങ്കിലും നായകനായതിന്റെ സന്തോഷത്തിലാണ് താരം.